കാസർകോട് :  ബേഡഡുക്ക പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച ബേഡകത്തിന്റെ രംഗവേദിയായ നാട്യഗൃഹം, കാര്‍ഷിക സംസ്‌കൃതി മ്യൂസിയം ‘പത്തായം’, ഒ എന്‍ വിയുടെ സ്മരണയ്ക്കായി പണി കഴിപ്പിച്ച ഒ എന്‍ വി സ്മൃതി കേന്ദ്രം എന്നിവ നാടിന് സമര്‍പ്പിച്ചു. പത്തായമെന്ന പേരില്‍ പഴയ കാര്‍ഷികോപകരണങ്ങളുടെയും ആദ്യ കാലങ്ങളില്‍ ഉപയോഗിച്ച പരമ്പരാഗത കൃഷി ഉപകരണങ്ങളുടെയും ജനകീയ സമാഹരണത്തിലൂടെയാണ് മ്യൂസിയം ഒരുക്കിയത്. ഗതകാല കാര്‍ഷിക പ്രൗഡിവിളിച്ചോതുന്നതും കാര്‍ഷിക ചരിത്രാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും ഉപകാരപ്രദമായ മ്യൂസിയം മുന്നാട് അക്ഷര ഗ്രാമത്തില്‍ നാട്യ ഗ്രഹത്തിനോടനുബന്ധിച്ച് പകല്‍വീടിന്റെ പുറക് വശത്താണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് നിര്‍മ്മിച്ച മ്യൂസിയത്തില്‍ ജനങ്ങളില്‍ നിന്നും സൗജന്യമായാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്. ശേഖരിച്ച്കിട്ടിയ ഉപകരണങ്ങള്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കുക എന്നുള്ളതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ വേറിട്ട സംരംഭത്തിന് ബേഡകത്ത് തുടക്കമായത്. ബേഡകത്തിന്റെ രംഗവേദിയായ നാട്യഗൃഹം ശില്പി കാനായി കുഞ്ഞിരാമനും നാടകകൃത്ത് ഗോപിനാഥ് കോഴിക്കോടുമാണ് രൂപകല്‍പന ചെയ്തത്.

മുന്നാട് നടന്ന നാട്യ ഗൃഹത്തിന്റെയും മ്യൂസിയത്തിന്റെയും ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഒ എന്‍ വി സ്മൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനം കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വ്വഹിച്ചു. ഒ എന്‍ വി സ്മൃതി കേന്ദ്രത്തിനായി സൗജന്യമായി ഭൂമി നല്കിയ കരുണാകരന്‍ പെരിങ്ങാനത്തിനെയും ഒ എന്‍ വി യുടെ ചിത്രം വരച്ച് നല്‍കിയ ബി രഞ്ജിത്തിനെയും കെ കുഞ്ഞിരാമന്‍ എം എല്‍ എ അനുമോദിച്ചു. സ്മൃതി കേന്ദ്രത്തിലേക്ക് കൂട്ടം കുണ്ടംകുഴി പ്രവാസി കൂട്ടായ്മ നല്കിയ പുസ്തകം വൈസ് പ്രസിഡന്റ് കെ രമണി ഏറ്റു വാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ രമണി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എ മാധവന്‍, എം ധന്യ, എം ശാന്തകുമാരി , ആസൂത്രണ സമിതി അംഗം എം അനന്തന്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.