എറണാകുളം : കോവിഡ് 19 ഉം ജലജന്യ രോഗങ്ങളും ജില്ലയിൽ പടരുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പും, എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി അതിഥി തൊഴിലാളികൾക്കായി ആരോഗ്യ പരിരക്ഷ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 16, 17 തിയതികളിൽ ആയി സംഘടിപ്പിക്കുന്ന പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നടത്തുന്നത്. തൊഴിൽ ദാതാക്കൾക്കാണ് പരിപാടിയുടെ സംഘാടന ചുമതല. വ്യക്തി ശുചിത്വം, മഴക്കാല രോഗങ്ങളിൽ നിന്നുള്ള പ്രതിരോധം, ലഹരി ഉപയോഗം, കോവിഡ് മാർഗ നിർദേശങ്ങൾ എന്നീ വിഷയങ്ങളിൽ ആയിരിക്കും ക്ലാസുകൾ നടത്തുന്നത്.

ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള ആദ്യ ക്ലാസ് ഹൈക്കോടതിക്ക് സമീപം ശോഭ ഗ്രൂപ്പിൻ്റെ മെറിനാ വൺ നിർമാണസ്ഥലത്ത് നടന്നു. ദേശിയ ആരോഗ്യ മിഷൻ ജില്ലാ മൈഗ്രന്റ് നോഡൽ ഓഫീസർ ഡോ. അഖിൽ മാനുവൽ ക്ലാസ്സ്‌ ഉത്‌ഘാടനം ചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി. എ. വിജയൻ ലഹരി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. സ്റ്റാഫ് നേഴ്സ് ലക്ഷ്മി ആരോഗ്യ പരിരക്ഷ യെ കുറച്ചു നിർദേശങ്ങൾ നൽകി. കോവിഡ് ഇതര രോഗങ്ങളുടെ സർവെയ്‌ലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ്, ലേബർ ഓഫീസർ സി. കെ. ജയചന്ദ്രൻ,എക്സൈസ് ഓഫീസർ ജിജിമോൾ,തുടങ്ങിയവർ പങ്കടുത്തു.