എറണാകുളം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ കൂട്ടിയിണക്കി വികേന്ദ്രീകൃത മാനേജ്മെൻ്റ് സംവിധാനം ഒരുക്കിയതായി ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. സംസ്ഥാനത്ത്‌ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരേയും രോഗലക്ഷണങ്ങൾ ഉള്ളവരേയും ഫലപ്രദമായി കണ്ടെത്തി കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യം. രോഗികളുമായി സമ്പർക്കം പുലർത്തിയ എല്ലാവരേയും ആരോഗ്യ വകുപ്പ് കണ്ടെത്തും. രോഗ സാധ്യത കൂടുതലുള്ളവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കും. നിരീക്ഷണത്തിലിരിക്കുമ്പോൾ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പരിശോധന ആവശ്യമില്ല. സ്രവം ശേഖരിക്കുന്നതിനും ആൻ്റിജൻ പരിശോധന നടത്തുന്നതിനുമുള്ള പരിശീലനം കൂടുതൽ ആയുർവേദ ഡോക്ടർമാക്കും നഴ്സുമാർക്കും ലാബ് ടെക്നീഷ്യൻമാർക്കും നൽകും. ആൻ്റിജൻ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കും.ആൻ്റിജൻ പരിശോധന നടത്തുന്നവർ രോഗലക്ഷണങ്ങൾ മാറുന്നതു വരെ വീട്ടിൽ തന്നെ കഴിയണം. രോഗം സ്ഥിരീകരിച്ചവരും എന്നാൽ ലക്ഷണമില്ലാത്തവരുമായ വ്യക്തികളെ വീടുകളിൽ തന്നെ തുടരാൻ അനുവദിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യും. രോഗലക്ഷണമുള്ളവർ ക്വാറൻറീനിൽ ഇരിക്കുകയും ടെലി മെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തുകയും വേണം. രോഗലക്ഷണങ്ങൾ അധികൃതരെ അറിയിക്കുന്നതിനായി പ്രത്യേക ഫോൺ സൗകര്യവും ഫോൺ കോളുകൾ കൈകാര്യം ചെയ്യാൻ ജീവനക്കാരേയും തദ്ദേശ സ്ഥാപനതലത്തിൽ ഏർപ്പെടുത്തും.

കോവിഡ് മരണങ്ങൾ സംബന്ധിച്ചും വ്യക്തത വരുത്തിയിട്ടുണ്ട്. രോഗലക്ഷണമില്ലാതെ മരണമടഞ്ഞാൽ പിന്നീട് പരിശോധന ആവശ്യമില്ല. അതേ സമയം ലക്ഷണമോ സംശയമോ ഉണ്ടെങ്കിൽ സ്രവം തുടർപരിശോധനക്കായി അയക്കും. കോവിഡ് പോസിറ്റീവ് മാനദണ്ഡമനുസരിച്ച് സംസ്കരിക്കാൻ സന്നദ്ധത അറിയിച്ചാൽ ഫലം വരുന്നതിന് മുൻപ് തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജനസംഖ്യ കൂടുതലുള്ള കൊച്ചി കോർപ്പറേഷനും നഗരസഭകളും വികേന്ദ്രീകൃത സംവിധാനം നടപ്പാക്കുന്നതിന് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

പുതിയ സംവിധാനത്തിൻ്റെ ഭാഗമായി താലൂക്കുകളിൽ ഹെൽപ് ലൈൻ സൗകര്യവും ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. ആലുവ: 8589014488, കൊച്ചി: 9072251333, കോതമംഗലം: 9747211515, കണയന്നൂർ: 9496415594, മൂവാറ്റുപുഴ: 9846444945, പറവൂർ: 9188060967, കുന്നത്തുനാട്: 9744051006