എറണാകുളം : മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജില്ലയിൽ രണ്ട് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആളുകൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗത്തിൽ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളായ പി. ടി. തോമസ്, ടി. ജെ വിനോദ്, അൻവർ സാദത്ത് എന്നിവർ ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ വികസന സമിതി യോഗം ചേർന്നത്.

കോവിഡ് പോസിറ്റീവ് ആയ ശേഷം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരെയും വീടുകളിൽ നിരീക്ഷണ സൗകര്യം ഇല്ലാത്തവരെയുമായുമാണ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ചികിത്സ കേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൺടൈൻമെൻറ് സോണുകളുടെ പ്രഖ്യാപനത്തിലും പിൻവലിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പിന്തുടരണം.

ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഡാറ്റ ബേസ് ഉടൻ തയ്യാറാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അവരുടെ താമസമുൾപ്പടെയുള്ള കാര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണെന്ന് ഉറപ്പ് വരുത്തണം.

ചേരാനെല്ലൂർ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിൽ ഉള്ളവർക്ക് പൊന്നരിമംഗലം ടോൾ പ്ലാസയിൽ പാസ്സ് നൽകുന്നത് അവസാനിപ്പിക്കാനുള്ള തീ രുമാനം പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിര യോഗം ചേരുമെന്നും വിഷയം പുനഃപരിശോധിക്കാൻ ദേശിയ പാത അതോറിറ്റി ജീവനക്കാരോട് ആവശ്യപ്പെടുമെന്നും എ. ഡി. എം സാബു കെ. ഐസക് ഉറപ്പ് നൽകി.

ചെല്ലാനം ഉൾപ്പടെയുള്ള ജില്ലയുടെ തീരദേശ മേഖലയിൽ മഴക്കാലത്തെ കടക്കയറ്റം നേരിടാൻ അടിയന്തര നടപടി സ്വീകടുക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. ജില്ലാ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ 1400 മി താത്കാലിക ഭിത്തി നിർമിച്ചിട്ടുണ്ട്. ബസാർ, കണ്ണമാലി ഭാഗങ്ങളിൽ താത്കാലിക സംരക്ഷണ ഭിത്തി നിർമാണത്തിനുള്ള നടപടി പൂർത്തിയായതായി അറിയിച്ചു.

പ്രളയ ദുരിതാശ്വാസ തുക ഇനിയും ലഭിക്കാത്ത അർഹരായ ആളുകൾക്ക് ഉടൻ പണം അനുവദിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

എറണാകുളം നോർത്ത് മേൽപ്പാലത്തിലെ തകരാറുകൾ പരിഹരിക്കാൻ വിദഗ്ദ്ധ സമിതിയോട് ഉടൻ പാലം സന്ദർശിക്കാൻ എ. ഡി. എം. നിർദേശം നൽകി.

ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ 60.29 ശതമാനവും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 24.6 ശതമാനവും മറ്റു കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതിയുടെ 77.04 ശതമാനവും തുകയാണ് ജില്ലയിൽ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.

എ. ഡി. എം സാബു കെ ഐസക് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ പി. ടി. തോമസ്, ടി. ജെ വിനോദ്, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ്‌ അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പങ്കെടുത്തു.