ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കൾ ഉറവിടത്തിൽ തരംതിരിക്കണമെന്നും അജൈവ പാഴ്‌വസ്തുക്കൾ പ്രത്യേകം സൂക്ഷിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറണമെന്നുമുള്ള ആശയം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വലിയ ഹോർഡിംഗുകൾക്കുള്ള ഡിസൈനുകൾക്ക് ശുചിത്വമിഷൻ മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾ, വിദ്യാർഥികൾ, കലാകാരൻമാർ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ തുടങ്ങി നല്ല ആശയങ്ങൾ ഡിസൈനിലൂടെ പങ്കുവയ്ക്കാൻ കഴിവുള്ള ആർക്കും പങ്കെടുക്കാം. സംസ്ഥാനവ്യാപകമായി ഹരിതകർമ്മസേനയുടെ സേവനങ്ങളെ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉറവിടത്തിൽ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹരിതകർമ്മ സേനാംഗങ്ങളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കാൻ പര്യാപ്തമായതും ആയിരിക്കണം ഡിസൈനുകൾ. നിലവാരമുള്ള എൻട്രികൾ ലഭിച്ചെങ്കിൽ മാത്രമേ മികച്ചത് തിരഞ്ഞെടുക്കുകയുള്ളൂ.
ഓക്‌ടോബർ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് എൻട്രികൾ എ3 സൈസ് ഷീറ്റിൽ പ്രിന്റെടുത്ത് സംസ്ഥാന ശുചിത്വമിഷൻ ഓഫീസിൽ നേരിട്ടും, സോഫ്റ്റ് കോപ്പി  iecsuchitwamission@gmail.com ലും അയയ്ക്കണം. ഒക്‌ടോബർ 12ന് വിജയികളെ പ്രഖ്യാപിക്കും. മികച്ച ഡിസൈനിന് 10,000 രൂപ പാരിതോഷികം ലഭിക്കും. ഒന്നിലധികം മികച്ച ആശയങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ വിധികർത്താക്കളുടെ പൊതു അഭിപ്രായത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും.