ലൈഫ്മിഷൻ പദ്ധതിയിൽ ഇടുക്കി ബ്ലോക്കിലെ നിർമ്മാണം പൂർത്തിയായ 28 വീടുകളുടെ താക്കോൽദാനം ജില്ലാകലക്ടർ ജി.ആർ ഗോകുൽ തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ഇന്ദിര ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെട്ടതും 2011 മുതൽ വിവിധ കാരണങ്ങളാൽ വീടുപണി പൂർത്തീകരിക്കാൻ സാധിക്കാതെപോയ 86 ഗുണഭോക്താക്കളാണ് ബ്ലോക്ക് പരിധിയിലുള്ളത്. ഇവരിൽ 36 പേർ പട്ടികജാതി വിഭാഗത്തിലും 35 കുടുംബങ്ങൾ പട്ടികവർഗ്ഗ വിഭാഗത്തിലും 15 കുടുംബങ്ങൾ ജനറൽ വിഭാഗത്തിലും ഉൾപ്പെടുന്നു. ലൈഫ്മിഷൻ പദ്ധതിയിൽ 1.86 കോടിരൂപ നീക്കിവച്ചാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വീടുകൾ പൂർത്തീകരിക്കാൻ നടപടികൾ ആരംഭിച്ചത്. 2017 നവംബർ ഒന്നിന് ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലാണ് വീടുകളുടെ നിർമ്മാണം തുടങ്ങിയത്. 46 വീടുകളുടെ നിർമ്മാണം മാർച്ച് 31നകം പൂർത്തിയാകും. ശേഷിക്കുന്ന 12 വീടുകളുടെ നിർമ്മാണവും വിവിധ ഘട്ടങ്ങളിലാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് അധ്യക്ഷനായിരുന്നു. ദാരിദ്യലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ സാജു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ചെല്ലമ്മ ദാമോദരൻ, റെജി മുക്കാട്ട്, മോളി ഗീവർഗ്ഗീസ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോർജ്ജ് വട്ടപ്പാറ, സുനിത സജീവ്, ലീന അഗസ്റ്റിൻ, ബിജു കാനത്തിൽ, റ്റിന്റു സുഭാഷ്, ബി.ഡി.ഒ റ്റി.സി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
