തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയോട് അനുബന്ധിച്ചുള്ള സർവീസ് റോഡിന്റെ നിർമാണം ആരംഭിച്ചു. ദേശീയപാത വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്നും ഒഴിഞ്ഞു നൽകാത്ത കെട്ടിടങ്ങൾ ഇടിച്ചു കൊണ്ടാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു നിർദ്ദേശങ്ങൾ നൽകി. ഒരു മാസത്തിനുള്ളില്‍ തന്നെ കഴക്കൂട്ടത്തേക്കുള്ള സര്‍വ്വീസ് റോഡ് പൂര്‍ത്തിയാക്കും എന്ന് മന്ത്രി പറഞ്ഞു.
6 കെട്ടിടങ്ങളും നിരവധി മതിലുകളുമാണ് ഈ നടപടിയുടെ ഭാഗമായി ഇടിച്ചു മാറ്റിയത്. ഇതോടൊപ്പം നടത്തിയ പരിശോധനയിൽ പണം നൽകി സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് കയ്യേറിയതായും ശ്രദ്ധയിൽ പെട്ടു. ഈ കയ്യേറ്റങ്ങളും മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഒഴിപ്പിച്ചു.
കഴക്കൂട്ടത്തെ യാത്രാ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയപാത നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലം ഉടനടി ഒഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് പോലീസ് പ്രൊട്ടക്ഷനും മന്ത്രി ഉറപ്പ് നൽകി. ഇതേ തുടർന്നാണ് കെട്ടിടങ്ങൾ ഇടിച്ചു മാറ്റാൻ ദേശീയപാത അതോറിറ്റി തയ്യാറായത്.
സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്കൊപ്പം തന്നെ ട്രാൻസ്‌ഫോർമറുകളും ഭൂമിക്കടിയിലുള്ള കേബിളുകളും ഒരാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും ആരംഭിച്ചു.