ആലപ്പുഴയുടെ തീരമേഖലയിലെ കടലാക്രമണം തടയാൻ 184.04 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി
ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലങ്ങളിലെ തീരപ്രദേശത്തെ രൂക്ഷമായ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ചെന്നൈ ഐ. ഐ. ടിയുടെ രൂപകൽപനയെ അടിസ്ഥാനമാക്കി 184.04 കോടി രൂപ ചെലവഴിച്ച് 114 ഗ്രോയിൻ ഫീൽഡ് സ്ഥാപിക്കുന്നതിനുള്ള അഞ്ച് പ്രവൃത്തികൾ ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടൽത്തീര സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതി 2022 മാർച്ചിൽ പൂർത്തിയാകും. ആറ് പഞ്ചായത്തുകളിലെ 625 കുടുംബങ്ങൾക്ക് പ്രത്യക്ഷമായും 1500 മുതൽ 2000 വരെ കുടുംബങ്ങൾക്ക് പരോക്ഷമായും പദ്ധതി പ്രയോജനം ചെയ്യും.
കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ വീതം 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ വർഷത്തെ നോൺ പ്‌ളാൻ ഫണ്ടിൽ ആറു കോടി രൂപയുടെ 12 പ്രവൃത്തികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിൽ വാച്ചാക്കൽ, കമ്പനിപ്പടി, ചെറിയ കടവ് പ്രദേശങ്ങളിൽ 69.60 ലക്ഷം രൂപ ചെലവഴിച്ച് 475 മീറ്റർ നീളത്തിൽ ജിയോബാഗുകൾ ഉപയോഗിച്ച് താത്ക്കാലിക കടൽഭിത്തി നിർമിച്ചിരുന്നു. മലാഖപ്പടി, ദീപ്തി, അംഗൻവാടി, ബസാർ, വേളാങ്കണ്ണി, ചാളക്കടവ്, റീത്താലയം, പുത്തൻതോട് എന്നിവിടങ്ങളിൽ 97.80 ലക്ഷം ചെലവിൽ ജിയോബാഗ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ചു. ചെല്ലാനത്ത് എട്ടു കോടി രൂപ ചെലവഴിച്ച് ഒരു കിലോമീറ്റർ നീളത്തിൽ ജിയോ ട്യൂബ് ഉപയോഗിച്ച് കടൽഭിത്തി നിർമാണം നടക്കുന്നു. 2021 ജനുവരിയിൽ ഇത് പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ചെല്ലാനം ബസാർ ഭാഗത്ത് 220 മീറ്റർ നീളത്തിൽ കടൽഭിത്തി പണിയാൻ ഒരു കോടി രൂപയുടെ പ്രവൃത്തികളും ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി എന്നിവിടങ്ങളിൽ ജിയോബാഗ് ഉപയോഗിച്ച് 270 മീറ്റർ നീളത്തിൽ താത്ക്കാലിക കടൽഭിത്തി 30 ലക്ഷം രൂപ ചെലവിൽ നിർമിക്കാനുള്ള പ്രവൃത്തികളും നടപ്പാക്കുന്നു.
ചെന്നൈ ഐ. ഐ. ടിയുടെ ഓഷ്യൻ എൻജിനിയറിംഗ് വകുപ്പിന്റെ വിദഗ്ധ നിർദ്ദേശം അനുസരിച്ച് തയ്യാറാക്കുന്ന മാലാഖപ്പടിയിലെ രണ്ട് പുലിമുട്ടും മാലാഖപ്പടിയിലെയും കണ്ണമാലിയിലെയും മറ്റ് മൂന്ന് പുലിമുട്ടുകളുടെ പുനരുദ്ധാരണവും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്ത് പൂർത്തിയാക്കും. പത്ത് കോടി രൂപയാണ് പുലിമുട്ടുകൾക്കായി ഇവിടെ ചെലവാക്കുന്നത്. തീരസംരക്ഷണത്തെക്കുറിച്ച് ചെന്നൈ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ സഹായത്തോടെ പഠനം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിൻകര നിയോജക മണ്്ഡലത്തിലെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 40.60 ലക്ഷം രൂപയുടെ രണ്ടു പ്രവൃത്തികൾക്ക് അനുമതി നൽകി. തിരുവനന്തപുരം വലിയതുറയിൽ മൂന്ന് പ്രവൃത്തികൾക്കായി നാലു കോടി രൂപയുടെ ഭരണാനുമതി നൽകി. ഇവയുടെ നിർമാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പുതിയതുറ, കൊച്ചുതോപ്പ്, വെട്ടുകാട് എന്നിവിടങ്ങളിലെ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കണ്ണൂർ കല്യാശേരി മണ്ഡലത്തിന്റെ ഭാഗമായ മാടായി, മാട്ടൂർ പ്രദേശങ്ങളിൽ കടൽത്തീര സംരക്ഷണത്തിന് 16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
