എറണാകുളം :ദുരിതങ്ങൾക്ക് നടുവിൽ ജീവിതം വഴിമുട്ടിയ നാടകപ്രവർത്തകക്ക് സഹായവുമായി ജില്ലാ കളക്ടർ എസ്.സുഹാസ്. അഭിനയ മികവിലൂടെ നാടകപ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ ചോറ്റാനിക്കര രുഗ്മിണിക്കാണ് കലക്ടർ സഹായമെത്തിച്ചത്. പി.ജെ ആൻ്റണിയുടെ ശിഷ്യയായി അരങ്ങിലെത്തിയ രുഗ്മിണി ആയിരക്കണക്കിന് വേദികളിൽ നാടകം അവതരിപ്പിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്റേഴ്സ്, സൂര്യ സോമ, ആലപ്പി തീയേറ്റേഴ്സ് തുടങ്ങി നിരവധി സമിതികളുമായി സഹകരിച്ചു. വിദേശത്തും ദേശീയതലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ അഭിനയപ്രതിഭയുമാണ് രുഗ്മിണി.
മലയാള നാടകങ്ങളുമായി അമേരിക്കയുൾപ്പെടെ വിദേശനാടുകളിൽ പര്യടനം നടത്തുകയും ഒട്ടേറെ ബഹുമതികൾ നേടുകയും ചെയ്ത രുഗ്മിണി, ഇന്ന് ഏറെ പ്രയാസപ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ചോറ്റാനിക്കര കാരക്കാട്ട് വീട്ടിൽ ഒറ്റക്കാണ് താമസം. ഹൃദ്രോഗിയാണ്. പലരുടേയും സഹായത്താലാണ് ഈ കലാകാരിയുടെ ഇപ്പോഴത്തെ ജീവിതം.
രുഗ്മിണിയെക്കുറിച്ച് കേട്ടറിഞ്ഞ ശേഷം ചെറിയ സഹായമെങ്കിലും എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. സെർവ്വ് പീപ്പിൾ ഫൗണ്ടേഷൻ്റെ കൂടി സഹകരണത്തോടെ, അവരുടെ വീട്ടിലെത്തി കലക്ടർ സഹായധനം കൈമാറി.