എല്‍ ഇ ഡിയുടെ ശോഭയില്‍ പെരിഞ്ഞനം
എല്‍ ഇ ഡി തെരുവ് വിളക്കുകളുടെ ശോഭയില്‍ പ്രകാശപൂരിതമായി പെരിഞ്ഞനം പഞ്ചായത്ത്. പെരിഞ്ഞനോര്‍ജ്ജം സോളാര്‍ വൈദ്യുത പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ എല്‍ഇഡി തെരുവ് വിളക്ക് ഗ്രാമമായി മാറിയിരിക്കുകയാണ് പെരിഞ്ഞനം. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പെരിഞ്ഞനം ഗവ.യു.പി സ്‌കൂള്‍ കെട്ടിടത്തില്‍ നിര്‍വ്വഹിച്ചു.
പെരിഞ്ഞനം ഗവ യു പി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സൗജന്യമായി സ്ഥാപിച്ച ഒമ്പതര കിലോവാട്ട് സോളാര്‍ വൈദ്യുതി പ്ലാന്റില്‍ നിന്നും പ്രസരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പഞ്ചായത്തിലെ എഴുന്നൂറ്റിയമ്പത് എല്‍ ഇ ഡി തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. വൈദ്യുതി തൂണുകളില്‍ പഴയ ട്വൂബ് ലൈറ്റുകളും, സി എഫ് എല്‍ ലാമ്പുകളും മാറ്റി എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിച്ചു. പാപ്പിനിവട്ടം ബാങ്കിന്റെ കീഴിലുള്ള ഊര്‍ജ്ജമിത്ര എന്ന സ്ഥാപനമാണ് എല്‍ ഇ ഡി ബള്‍ബുകള്‍ നിര്‍മ്മിച്ച് സ്ഥാപിച്ചു നല്‍കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മണപ്പുറം ഫിനാന്‍സിന്റെ സി എസ് ആര്‍ ഫണ്ടായ അഞ്ച് ലക്ഷവും പഞ്ചായത്ത് തനതു ഫണ്ടായ നാല് ലക്ഷവുമുള്‍പ്പെടെ ഒമ്പത് ലക്ഷമാണ് പദ്ധതി തുക.
പുരപ്പുറ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വീടുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അഞ്ഞൂറ് കിലോവാട്ട് പദ്ധതിയായ പെരിഞ്ഞനോര്‍ജ്ജം 2019 സെപ്തംബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. പിന്നീട് 700 കിലോവാട്ടായി ഉത്പ്പാദനം ഉയര്‍ത്തി. 11,900 യൂണിറ്റാണ് ഒരു വര്‍ഷത്തെ മൊത്തം ഉത്പാദനം.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം തെരുവു വിളക്കുകളും പ്രകാശിപ്പിക്കുവാനാവശ്യമായ വൈദ്യുതി നിലവില്‍ പഞ്ചായത്ത് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എല്‍ ഇ ഡി ഗ്രാമം പദ്ധതിയിലൂടെ തെരുവു വിളക്കുകള്‍ക്കായി ചെലവഴിച്ചിരുന്ന ഭാരിച്ച വൈദ്യുത ചാര്‍ജ്ജ് ഇല്ലാതാക്കുന്നതിനും ഊര്‍ജ്ജരംഗത്ത് സ്വയംപര്യാപ്തമായ ഗ്രാമത്തെ സൃഷ്ടിക്കാനുമാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഭാവിയില്‍ കൂടുതല്‍ പാനലുകള്‍ സ്‌കൂളിന് മുകളില്‍ സ്ഥാപിച്ച് ഊര്‍ജ്ജ പ്രതിസന്ധി തരണം ചെയ്യാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു. മണപ്പുറം സി ഇ ഒ സനോജ് ഹെര്‍ബര്‍ട്ട് മുഖ്യാതിഥിയും മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ ടി എന്‍ മനോഹരന്‍ വിശിഷ്ടാതിഥിയുമായി. ജില്ലാ പഞ്ചായത്തംഗം ബി ജി വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത രാജ് കുട്ടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി വി സതീശന്‍, ഷൈലജ പ്രതാപന്‍, പി എസ് സുധീര്‍, സെക്രട്ടറി പി സുജാത എന്നിവര്‍ പങ്കെടുത്തു.