തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന എന്നിവയാണ് കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഇപ്പോള്‍ നടക്കുന്നത്.
ഉദ്യോഗസ്ഥരുടെ പരിശീലനം ഒക്ടോബര്‍ എട്ടു മുതല്‍ വിവിധ ബാച്ചുകളിലായി നടന്നുവരുന്നു. 89 റിട്ടേണിംഗ് ഓഫീസര്‍മാരും 95 അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കം മുതല്‍ പൂര്‍ത്തീകരണം വരെയുള്ള നടപടികളും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തിലുള്ള പരിശീലനം 28 ന് പൂര്‍ത്തിയാകും. മാസ്റ്റര്‍ ട്രെയിനര്‍മാരായ അഞ്ചു പേര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈനില്‍ പരിശീലനം നല്‍കിയിരുന്നു.
വോട്ടിംഗ് മെഷീനുകളുടെ പരിശോധന ഏറ്റുമാനൂരിലെ ഇ.വി.എം വെയര്‍ ഹൗസിലാണ് നടക്കുന്നത്. 3000 കണ്‍ട്രോള്‍ യൂണിറ്റുകളും 8000 ബാലറ്റ് യൂണിറ്റുകളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍മാരും റവന്യു വകുപ്പിലെ മറ്റുദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്.
ഒക്ടോബര്‍ 12 ന് ആരംഭിച്ച പരിശോധന അടുത്തമാസം ആദ്യവാരത്തോടെ പൂര്‍ത്തിയാകും. പോളിംഗ് ബൂത്തുകളുടെ അന്തിമ പരിശോധനയും തുടര്‍ ക്രമീകരണങ്ങളും നടന്നു വരുന്നു. അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജിയോ.ടി.മനോജ് പറഞ്ഞു.