എറണാകുളം: ലോക കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഭാഗമായി കൈകഴുകേണ്ടത്തിന്റെ ശാസ്ത്രീയരീതി പ്രദർശിപ്പിക്കുകയും സന്ദർശകരെ ബോധവത്ക്കരിക്കുകയും ചെയ്തു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കൈ കഴുകുന്നതിന് വലിയ പ്രാധാന്യമാണ് ഉള്ളതെന്നും, കൊറോണ വൈറസ് വ്യാപനം തടയാൻ 20 സെക്കൻഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുവാനാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ളതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ദിനാചരണവും ബോധവത്ക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എച്ച് ഷൈൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത് കരുൺ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.