സാമൂഹ്യ പരിഷ്‌ക്കര്ത്താവും നവോത്ഥാന നായകനുമായിരുന്ന ബ്രഹ്മാനന്ദ ശിവയോഗിയുടെ നാമധേയത്തില് ആലത്തൂര് ബ്ലോക്ക് പഞ്ചായത്തില് നിര്മ്മിക്കുന്ന ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്മ്മാണോദ്ഘാടനം പട്ടികജാതി- പട്ടികവര്ഗ്ഗ – പിന്നാക്കക്ഷേമ -നിയമ- സാംസ്‌കാരിക- പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് നിര്വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തില് ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളേയും പോലെ പ്രധാനപങ്കു വഹിച്ച വ്യക്തികളില് ഒരാളാണ് ബ്രഹ്മാമന്ദ ശിവയോഗിയെന്ന് നിര്മ്മാണോദ്ഘാടനം നിര്വഹിച്ച് മന്ത്രി പറഞ്ഞു.
ഭൗതികമായ കാഴ്ചപ്പാടോടു കൂടി യുക്തിബോധത്തിന്റെയും ശാസ്ത്രീയബോധത്തിന്റെയും അടിസ്ഥാനത്തില് കാര്യങ്ങളെ നോക്കിക്കണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങള്ക്കും എതിരായ പ്രവര്ത്തനങ്ങള് നടത്തി. മനുഷ്യനാണ് മതങ്ങള് സൃഷ്ടിച്ചതും ദൈവങ്ങള്ക്ക് ദര്ശനം നല്കിയത് എന്നുമുള്ള ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള വലിയ ദാര്ശനിക വിപ്ലവമാണ് ബ്രഹ്മാമന്ദ ശിവയോഗി രൂപപ്പെടുത്തിയത്. പുതിയ തലമുറക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം എന്നും മന്ത്രി പറഞ്ഞു. ജാതി -മത-രാഷ്ട്രീയ ഭേദമന്യേ എല്ലാ മനുഷ്യര്ക്കും ഒരു അണിയില് വരാനുള്ള ഏക വേദിയാണ് സാംസ്‌കാരിക തലം. അതിനെ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സാംസ്‌കാരിക മേഖലയില് മണ്മറഞ്ഞുപോയ വ്യക്തിത്വങ്ങള്ക്കായി സ്മാരങ്ങള് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയത്തിനായി ആദ്യഘട്ടത്തില് സാംസ്‌കാരിക വകുപ്പിന്റെ 50 ലക്ഷം രൂപയും ആലത്തൂര് ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. രണ്ടാം ഘട്ടത്തില് സാംസ്‌കാരിക വകുപ്പില് നിന്ന് 50 ലക്ഷം രൂപ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പരിസരത്താണ് ഓഡിറ്റോറിയം നിര്മ്മിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന പരിപാടിയില് കെ.ഡി പ്രസേനന് എം.എല്.എ അധ്യക്ഷനായി. ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഹേമലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി ചിത്ര, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി അഞ്ജലി ചന്ദ്രൻ, സി. പി. എം ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രൻ എന്നിവര് പങ്കെടുത്തു.