കേരള കലാമണ്ഡലം വര്‍ഷംതോറും നല്‍കിവരുന്ന ഫെലോഷിപ്പ്/ അവാര്‍ഡ്/ എന്‍ഡോവ്‌മെന്റ് എന്നീ പുരസ്‌കാര ഇനങ്ങളിലേക്ക് 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളിയില്‍ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളയും മദ്ദളത്തില്‍ കലാമണ്ഡലം നാരായണന്‍ നായരും ഫെലോഷിപ്പിന് അര്‍ഹരായി. കലാമണ്ഡലം ബി ശ്രീകുമാര്‍ (കഥകളി വേഷം), പാലനാട് ദിവാകരന്‍ (കഥകളിസംഗീതം), കലാമണ്ഡലം വിജയകൃഷ്ണന്‍ (ചെണ്ട), കലാമണ്ഡലം ഹരിദാസ്, ഉണ്ണായിവാര്യര്‍ കലാനിലയം (മദ്ദളം), കലാമണ്ഡലം കുഞ്ഞികൃഷ്ണന്‍ (ചുട്ടി), കലാമണ്ഡലം ഗോപിനാഥന്‍ നമ്പ്യാര്‍ (മിഴാവ്), കലാമണ്ഡലം സുജാത (മോഹിനിയാട്ടം), പി കെ കൃഷ്ണന്‍ (തുള്ളല്‍), കെ എസ് വയലാ രാജേന്ദ്രന്‍ (നൃത്തസംഗീതം), കാക്കയൂര്‍ അപ്പുക്കുട്ടമാരാര്‍ (പഞ്ചവാദ്യം-ഇടയ്ക്ക), കോട്ടയ്ക്കല്‍ ശശിധരന്‍ (മികച്ച കലാഗ്രന്ഥം), ജിഷ്ണു കൃഷ്ണന്‍ (ഡോക്യുമെന്ററി), ചാലക്കുടി മുരളി (സമഗ്ര സംഭാവന പുരസ്‌കാരം), ദൃശ്യ ഗോപിനാഥ് (യുവപ്രതിഭ അവാര്‍ഡ്) എന്നിവര്‍ക്കാണ് കലാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അവാര്‍ഡുകള്‍ നല്‍കുന്നത്.

എന്റോവ്‌മെന്റ് ഇനത്തില്‍ കലാമണ്ഡലം എം പി എസ് നമ്പൂതിരി (മുകുന്ദ രാജ സ്മൃതി പുരസ്‌കാരം), കലാനിലയം എസ് അപ്പുമാരാര്‍ (കലാരത്‌നം പുരസ്‌കാരം), രതീഷ്ഭാസ് (പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം), കുറിച്ചിത്താനം ജയകുമാര്‍ (വടക്കന്‍ കണ്ണന്‍ നായര്‍ ആശാന്‍ സമൃദ്ധി പുരസ്‌കാരം), താഴത്ത് ചക്കാലയില്‍ കുഞ്ഞന്‍പിള്ള (കെ എസ് ദിവാകരന്‍ നായര്‍ സ്മാരക സൗകന്ധികം പുരസ്‌കാരം), എ വി അശ്വതി, കപില വേണു എന്നിവര്‍ക്ക് (ഡോ. ബി എസ് ശര്‍മ എന്‍ഡോവ്‌മെന്റ്), കലാമണ്ഡലം രാജീവ് (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ്), കെപി ചന്ദ്രിക (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്), പി ടി കൃഷ്ണപ്രിയ (ബ്രഹ്മശ്രീ പകരാവൂര്‍ ചിത്രം നമ്പൂതിരിപ്പാട് ജന്മ ശതാബ്ദി സ്മാരക എന്‍ഡോവ്‌മെന്റ്) എന്നിവയ്ക്കും അര്‍ഹരായി.

കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോക്ടര്‍ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരന്‍ എന്നിവരും കലാ നിരൂപകന്‍ എം വി നാരായണന്‍, പ്രൊഫസര്‍ ജോര്‍ജ് എസ് പോള്‍, കെ ബി രാജാനന്ദ്, സുകുമാരി നരേന്ദ്ര മേനോന്‍, കലാമണ്ഡലം സുഗന്ധി എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയസമിതിയാണ് ഫെല്ലോഷിപ്പും അവാര്‍ഡും എന്‍ഡോവ്‌മെന്റും നിര്‍ണയിച്ചത്. ക്യാഷ് പ്രൈസും കീര്‍ത്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. കേരള കലാ മണ്ഡലം വാര്‍ഷികവും വള്ളത്തോള്‍ ജയന്തിയോടുമനുബന്ധിച്ച് നവംബര്‍ 8ന് മണക്കുളം മുകുന്ദ രാജ സ്മൃതി സമ്മേളനത്തില്‍ എന്റോവ്‌മെന്റ്ുകളും നവംബര്‍ 9-ന് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ഫെലോഷിപ്പുകളും അവാര്‍ഡുകളും സമര്‍പ്പിക്കും. വിശദ വിവരങ്ങള്‍ക്ക് www.kalamandalam.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.