കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാൻമന്ത്രി ജന്‍ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതി പ്രകാരം ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ അനുവദിച്ച സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മാണോദ്ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ – ന്യൂനപക്ഷ – വഖഫ് വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ അടിസ്ഥാന വികസനമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.

പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളിലേയും മുന്നോക്ക വിഭാഗങ്ങളിലെയും പിന്നോക്കക്കാരെ സമൂഹത്തിന്റെ മുന്‍ നിരയിലേക്കും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലേക്കും എത്തിക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷികരിച്ച് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മാണം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അദ്ധ്യക്ഷനായി. സദ്ഭാവന മണ്ഡപ നിര്‍മ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി അനാഛാദനം ചെയ്തു.

ന്യൂനപക്ഷ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു മള്‍ട്ടി പര്‍പ്പസ് ഹാളാണ് ഇളംദേശത്ത് നിര്‍മ്മിക്കുന്നത്. ഇതിനായി 1,40,00,000 (ഒരു കോടി നാല്‍പ്പത് ലക്ഷം) രൂപ അനുവദിച്ചിട്ടുണ്ട്. സമ്മേളന ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഓഫീസ് റൂം, സ്റ്റേജ് എന്നിവയാണ് മള്‍ട്ടി പര്‍പ്പസ് ഹാളിലുണ്ടാവുക.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് ബ്ലോക്ക് തല സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സദ്ഭാവനാ മണ്ഡപം നിര്‍മ്മിക്കുക. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും