* കര്‍ഷകക്ഷേമ പെന്‍ഷന്‍ ഉടന്‍ നല്‍കുമെന്ന് കൃഷി മന്ത്രി
* കാര്‍ഷികപ്രദര്‍ശനം കലാജാഥ, കാര്‍ഷിക ശില്പശാല

കൃഷി വകുപ്പിന് കീഴിലുള്ള അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യുടെ ആഭിമുഖ്യത്തിലുളള ടെക്‌നോളജി മീറ്റിന് നെടുമങ്ങാട് തുടക്കമായി.  പുലരി 2018 എന്ന പേരില്‍ മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ നെടുമങ്ങാട് കാര്‍ഷിക മൊത്തവ്യാപാര കേന്ദ്രത്തില്‍ നടക്കുന്ന പരിപാടി കൃഷി വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് കാര്‍ഷിക വ്യാപാര കേന്ദ്രത്തില്‍ ഈ സാമ്പത്തികവര്‍ഷം 60 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.  ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് മികച്ച വില ഉല്‍പ്പന്നങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തിലുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.  ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന സമയത്ത് സംസ്ഥാനത്ത് ആറര ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെന്നും എന്നാല്‍ രണ്ടുവര്‍ഷമെത്തുമ്പോഴേക്കും ഉല്‍പ്പാദനം 9.5 ലക്ഷം മെട്രിക് ടണ്‍ കഴിഞ്ഞെന്നും പുതുതായി 50000 ഹെക്ടര്‍ സ്ഥലത്ത് കൂടി പച്ചക്കറി കൃഷി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.  കേരളത്തില്‍ സമൃദ്ധമായി ലഭിക്കുന്ന ചക്കയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഫലപ്രദമായതായും കര്‍ഷക തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ ഉടന്‍ തന്നെ അവരുടെ കൈകളിലെത്തുമെന്നും മന്ത്രി അറിയിച്ചു.
തുടര്‍ന്ന് പച്ചക്കറി വികസന പദ്ധതികളില്‍ പുരസ്‌ക്കാരം ലഭിച്ച കര്‍ഷകരേയും കര്‍ഷകഗ്രൂപ്പുകളയെും കഴിഞ്ഞവര്‍ഷം ജില്ലയില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവച്ച കൃഷി വകുപ്പിലെ ഉദേ്യാഗസ്ഥരേയും മന്ത്രി ആദരിച്ചു.  വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക കലാജാഥ, പുഷ്പഫല പ്രദര്‍ശനവും വിപണനവും, നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും തുടങ്ങിയവയും നടന്നു.  പരിപാടി ശനിയാഴ്ച സമാപിക്കും.
സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.  എം.എല്‍.എ. മാരായ ഡി.കെ മുരളി, കെ. ആന്‍സലന്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി കെ. രാജന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഐഡാ സാമുവല്‍, കര്‍ഷകര്‍, വിവിധ വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  നാളെ നടക്കുന്ന സമാപന സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും.