ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗ്യാസ് വിതരണ ഏജന്‍സികളിലും വാഹനങ്ങളിലും ക്രമക്കേട് കണ്ടെത്തി.  തൂക്കക്കുറവുളള ഗ്യാസ് സിലിണ്ടര്‍ വില്‍പ്പന നടത്തിയതിന് ആറ് ഏജന്‍സികള്‍ക്കെതിരെ കേസെടുത്തു.  പാചക വാതകം വിതരണം ചെയ്യുന്ന ഏജന്‍സികളിലും വാഹനത്തിലും സിലിണ്ടറിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്നതിനായി ത്രാസ് സൂക്ഷിക്കണമെന്ന ചട്ടം പാലിക്കാത്തതിന് 29 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഗ്യാസ് സ്റ്റൗവ്, ഹോസ്, റഗുലേറ്റര്‍, ലൈറ്റര്‍ തുടങ്ങിയവ അടങ്ങിയ പായ്ക്കറ്റുകളില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുളള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിന് 10 കേസുകളും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക വില ഈടാക്കിയതിന് ഒരു കേസും വില തിരുത്തിയതിന് ഒരു കേസും ലീഗല്‍ മെട്രോളജി ആക്ടിന്റെ മറ്റ് ലംഘനങ്ങള്‍ക്ക് 34 കേസുകളുമെടുത്തു.  സംസ്ഥാനത്താകെ 81 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.  29 കേസുകളില്‍ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പിഴ ഈടാക്കി.
ഭക്ഷ്യ -പൊതുവിതരണ, ലീഗല്‍ മെട്രോളജി മന്ത്രി പി. തിലോത്തമന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.  വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുളള പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ അറിയിച്ചു.