ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി നയിക്കുന്ന പാര്‍ട്ടിക്ക് ‘രണ്ടില’ ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗവും കേരള കോണ്‍ഗ്രസ് (എം) പി. ജെ. ജോസഫ് വിഭാഗവും ‘രണ്ടില’ ചിഹ്നം അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ആവശ്യമുന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള ‘രണ്ടില’ ചിഹ്നം ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസുകളിലെ വിധിക്ക് വിധേയമായി കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ജോസ് കെ. മാണി വിഭാഗത്തിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ‘ടേബിള്‍ ഫാൻ’ ചിഹ്നമായി അനുവദിച്ചിരുന്നു. കേരള
കോണ്‍ഗ്രസ് (എം) പി. ജെ. ജോസഫ് വിഭാഗത്തിന് അവരുടെ അപേക്ഷ പ്രകാരം ‘ചെണ്ട’യാണ് ചിഹ്നമായി അനുവദിച്ചത്. ഹൈക്കോടതി വിധി പ്രകാരം കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ‘രണ്ടില’ ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അര്‍ഹത ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനാണ്. ആയതിനാല്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി
വിഭാഗം പാര്‍ട്ടി ഭാരവാഹികള്‍ ശുപാര്‍ശ ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ‘രണ്ടില’ ചിഹ്നം അനുവദിക്കും. ജോസ് കെ. മാണി
വിഭാഗത്തിന് മുന്‍പ് അനുവദിച്ച ‘ടേബിള്‍ ഫാൻ’ ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കാവുന്നതാണെന്നും
കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.