പാലക്കാട്:  സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 10 , പ്ലസ് വൺ, പ്ലസ്‌ ടു തുല്യതാ സമ്പർക്ക പഠന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ നിർവഹിച്ചു. വികസനങ്ങളുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നും എല്ലാ പഠിതാക്കളും ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കണ്ണാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കണ്ണാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ലത അധ്യക്ഷയായി.
കഴിഞ്ഞ 14 ബാച്ചിലായി 25000 ലധികം പഠിതാക്കളാണ് പത്താംതരം തുല്യതാ പാസായത്. പതിനായിരത്തിലധികം ആളുകളാണ് ഹയർസെക്കൻഡറി പാസായിട്ടുള്ളത്. പഠിതാക്കൾക്കായുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം കുഴൽമന്ദം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. കെ.ദേവദാസ് നിർവഹിച്ചു.
പഞ്ചായത്ത്‌ അംഗം നാരായണൻ കുട്ടി, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ മനോജ്‌ സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ പാർവതി, വിജയൻ മാസ്റ്റർ, നോഡൽ പ്രേരക് എം.കെ ഗീത, മറ്റ് പ്രേരക്മാർ, പഠിതാക്കൾ എന്നിവർ പങ്കെടുത്തു.