സൗരോർജ പദ്ധതികൾ വിപുലീകരിക്കും- വൈദ്യുതി മന്ത്രി

ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം തവണയും കേരളത്തിന് ലഭിച്ചതായി വൈദ്യുത വകുപ്പുമന്ത്രി എം.എം. മണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതി ഉല്പാദനത്തിനു പുറമെ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനത്തെ വൈദ്യുതി മേഖല നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ അവാർഡ് നേട്ടമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ എനർജി മാനേജ്മെന്റ് സെന്റർ, കെ.എസ്.ഇ.ബി., അനർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ പദ്ധതി സംസ്ഥാനത്ത് കൂടുതൽ വ്യാപിപ്പിച്ച് ഊർജോല്പാദനം കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാനത്തുള്ള ചെറുകിട ഊർജ പദ്ധതികൾ സംരക്ഷിച്ചും ഊർജ ഉല്പാദനം വർധിപ്പിക്കണം.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും വൈദ്യുതി ഉപഭോക്താക്കളും ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാനായത്. കഴിഞ്ഞ വർഷം മാത്രം 581 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ചു. നീതി ആയോഗ് തയ്യാറാക്കിയ ഊർജകാര്യക്ഷമത സൂചികയിൽ കഴിഞ്ഞ രണ്ടു വർഷവും ഏറ്റവും കൂടുതൽ പോയിന്റ് നേടാൻ കേരളത്തിനായി. സംസ്ഥാനത്ത് നടപ്പാക്കിയ ഊർജ സംരക്ഷണ കെട്ടിട ചട്ടവും ഈ നേട്ടത്തിന് മുതൽക്കൂട്ടായി.

സംസ്ഥാനത്തെ മുഴുവൻ വീടുകളിലും എൽ.ഇ.ഡി. ബൾബുകൾ ലഭ്യമാക്കും. നിലവിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ഉപയോക്താക്കൾക്കും ഈ മാസം മുതൽ ബൾബുകൾ എത്തിച്ചു നൽകും. ബൾബിന്റെ വില വൈദ്യുതി ചാർജിനോടൊപ്പം ശേഖരിക്കും. സി.എഫ്.എൽ. അടക്കമുള്ള സാധാരണ ട്യൂബുകളും ബൾബുകളും ശേഖരിച്ച് ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ സംസ്‌കരിക്കാനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും ചേർന്ന് നടപ്പാക്കുന്ന നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്കുകൾ പൂർണമായും എൽ.ഇ.ഡി.യിലേക്ക് മാറും. 285 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

പ്രസരണ വിതരണ നഷ്ടം രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 12 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 10,000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ്, 4500 കോടി രൂപ ചെലവിൽ വിതരണ മേഖലയിൽ നടപ്പാക്കുന്ന ദ്യുതി, കെ-ഫോൺ എന്നീ പദ്ധതികളും ഊർജ സംരക്ഷണ രംഗത്ത് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു. പവർ സെക്രട്ടറി സൗരഭ് ജെയ്ൻ, ഇ.എം.സി. ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.