പത്തനംതിട്ട: കോവിഡ് വാക്സിന്‍ വിതരണ ഉദ്ഘാടന ദിനമായ 16 ന് പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുന്നത്.

പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, അയിരൂര്‍ ആയുര്‍വേദ ജില്ലാ ആശുപത്രി, കൊറ്റനാട് ഹോമിയോ ജില്ലാ ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവയാണ് ജില്ലയിലെ വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഗവണ്‍മെന്റ്, ആയുഷ്, സ്വകാര്യ മേഖലകളിലെ വിതരണ കേന്ദ്രങ്ങള്‍ പൂര്‍ണ സജ്ജമായി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.