തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ അഭിമാനമുദ്രയായി ലോകനിലവാരത്തിൽ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സജ്ജമായി.

ലോകടൂറിസം ഭൂപടത്തിലെ ഹോട്ട് സ്‌പോട്ടായ കോവളത്തിനുസമീപം വെള്ളാറിലാണ് കരകൗശല-കലാഗ്രാമം അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തു നില്ക്കുന്നത്.

എട്ടര ഏക്കർ മനോഹരമായി ലാൻഡ്സ്‌കേപ് ചെയ്തു നിർമ്മിച്ച എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. കുളം, മേള കോർട്ട്, ഗെയിം സോണുകൾ, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറൻറ്, വാക്ക് വേകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടോയ്ലറ്റ് ബ്ലോക്കുകൾ, ഓഫീസ്, അടുക്കള, റോഡുകൾ, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ടൂറിസം വകുപ്പിന്റേതാണ് 750 കരകൗശല, കൈത്തൊഴിൽ കലാകാരൻമാർക്ക് ഉപജീവനം ഒരുക്കുന്ന ഈ പദ്ധതി. ടൂറിസം വകുപ്പിനു കീഴിൽ കോഴിക്കോട് ഇരിങ്ങലിലുള്ള സർഗ്ഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിനെ ചുരുങ്ങിയകാലംകൊണ്ട് ആഗോളാംഗീകാരത്തിലേക്കു വളർത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജും പുനർനിർമ്മിച്ച് നടത്തുന്നത്.

പ്രവേശനകവാടത്തിന് സമീപം 28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്റ്റുകൾ അവതരിപ്പിച്ചിരിക്കുന്നു. കൗതുകവസ്തുക്കൾ എന്നതിനപ്പുറം പലവിധ ഉപയോഗങ്ങൾ ഉള്ളവയാണു മിക്കതും. ഉപഹാരങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും വീടും ഓഫീസും അലങ്കരിക്കാവുന്ന മികച്ച നിലവാരമുള്ള വസ്തുക്കളും വീട്ടുപകരണങ്ങളും ഓഫീസുപകരണങ്ങളും ഫർണീച്ചറും ഇവിടെയുണ്ട്.

ദാരുശില്പ വിഭാഗത്തിൽ തേക്കും റോസ് വുഡ്ഡും വൈറ്റ് വുഡ്ഡും കാണാം. പെയിന്റിങ്ങുകൾ, പ്രതിമകൾ, ചുവർച്ചിത്രങ്ങൾ, കൗതുകവസ്തുക്കൾ, സ്മരണികകൾ, കളിപ്പാട്ടങ്ങൾ, പൂരം ക്രാഫ്റ്റ്, ഹമ്മോക്കുകൾ, ഡ്രൈ ഫ്‌ളവർ തുടങ്ങിയവയെല്ലാം കിട്ടുന്ന സിംഗിൾ പോയിന്റ് ഹബ്ബാണ് ഇവിടം.

കല്ലും മണ്ണും ലോഹങ്ങളും ഗ്ലാസും തൊട്ട് തടിയും പനമ്പും പനയോലയും തഴയും മുളയും ഈറ്റയും ചിരട്ടയും ചകിരിയും തുണിയും കടലാസും വരെയുള്ള വൈവിദ്ധ്യമാർന്ന വസ്തുക്കളിൽനിന്ന് ഇവയൊക്കെ രൂപപ്പെട്ടു വരുന്നതിന്റെ കൗതുകക്കാഴ്ചയും ഇവിടെ കാണാം. താത്പര്യമുള്ളവർക്കു നിർമ്മാണത്തിൽ പങ്കാളിയുമാകാം. കേരളത്തിന്റെ പൈതൃകങ്ങളായി അംഗീകരിച്ചു ‘ദേശസൂചകോത്പന്നപദവി’ ആർജ്ജിച്ച ആറ•ുളക്കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങൾ, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നെട്ടൂർ പെട്ടികൾ, മുട്ടത്തറ ദാരുശിൽപ്പങ്ങൾ, തഴവ തഴയുത്പന്നങ്ങൾ എന്നിവയൊക്കെ ഒരുക്കിയിട്ടുണ്ട്. ഇവയിൽ പലതും നിർമ്മാണസ്ഥലത്തിനുപുറത്തു വാങ്ങാൻ കിട്ടുന്നതും ഇവിടെയാണ്.

ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി, കണ്ണൂർ ശൈലികളടക്കം കേരളത്തിലെ എല്ലാ പാരമ്പര്യ നെയ്ത്തുരീതികളും എല്ലാ നൂതന രീതികളും പരിചയപ്പെടുത്തുന്ന നെയ്ത്തുഗ്രാമം ഇവിടെയുണ്ട്. അതിൽ നാച്ചുറൽ ഡൈയിങ് ഉൾപ്പെടെ നെയ്ത്തിലെ എല്ലാ ഘട്ടങ്ങളും തത്സമയം കാണാം. നെയ്ത്തിന്റെ സാദ്ധ്യതകൾ പരിപോഷിപ്പിക്കാൻ കൈത്തറിവകുപ്പുമായി ചേർന്ന് പരിശീലനപരിപാടികളും പ്രദർശനങ്ങളും പ്രവർത്തനപരിപാടിയിൽ ഉണ്ട്.

ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടചിത്ര പെയിന്റിങ്, പ്രാചീന ഈജിപ്റ്റിൽ ആവിർഭവിച്ചതായി കരുതുന്ന വർണ്ണോജ്ജ്വലമായ പേപ്പർ ക്വില്ലിങ് തുടങ്ങിയവ ഇവിടെയുണ്ട്. സന്ദർശകർക്ക് കരകൗശലസ്റ്റുഡിയോകളിൽ കലാകാരൻമാരുമായി അടുത്തിടപഴകാം. നിർമ്മാണത്തിൽ പങ്കെടുക്കുകയും ചെയ്യാം. സ്വന്തമായി രൂപകല്പന ചെയ്ത് ‘ഡിസൈനർ ഐറ്റം’ മാതൃകയിൽ സോവനീർ നിർമ്മിച്ചുവാങ്ങാനും അവസരമുണ്ട്. ഓൺലൈനിൽ ഓർഡർ സ്വീകരിച്ച് ഉപഭോക്താവു നല്കുന്ന രൂപകല്പനയുടെ മാതൃകയിൽ ഉത്പന്നം നിർമ്മിച്ച് അയച്ചുകൊടുക്കാനുള്ള സാദ്ധ്യതയും ആലോചനയിലുണ്ട്.

കൈത്തൊഴിൽ, കരകൗശല, കലാരംഗങ്ങളിൽ ഗുണമേ• ഉയർത്താനും വിപണി വികസിപ്പിക്കാനും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനുമുള്ള വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. ഇതെല്ലാം സാദ്ധ്യമാക്കാൻ പദ്മശ്രീ ജേതാവ് ഗോപി മാസ്റ്ററും ശില്പഗുരു അവാർഡ് ജേതാവ് കെ. ആർ. മോഹനനും ധാരാളം ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളും അടങ്ങുന്ന മികച്ച കലാകാരരുടെ നിരതന്നെയാണ് ഇവിടെയുള്ളത്.

ഇവിടെയുള്ള എമ്പോറിയം എല്ലാ രാജ്യത്തിന്റെയും ലോകനിലവാരത്തിലുള്ള ക്രാഫ്റ്റുകളുടെയും ചിത്രങ്ങളുടെയും വിപണനത്തിനു വേദിയാകും. തെരഞ്ഞെടുക്കുന്ന ചിത്രകാരരുടെ ചിത്രങ്ങളുടെ പ്രദർശനവും പ്രത്യേക പ്രദർശനങ്ങളും ഒരുക്കും.

സുഗന്ധവിളത്തോട്ടം, ഔഷധത്തോട്ടം, ശലഭോദ്യാനം, ഇവല്യൂഷൻ ഗാർഡൻ തുടങ്ങിപലയിനം ഉദ്യാനങ്ങളാണു മറ്റൊരു പ്രധാന ആകർഷണം. ലോക – ഇന്ത്യൻ – മലയാള സാഹിത്യങ്ങളിലെ മഹത്തായ കൃതികളുടെ ശേഖരമുള്ള പുസ്തകശാലയും സജ്ജീകരിക്കും. അവിടെ വാങ്ങലിനും ഡിജിറ്റലും അല്ലാത്തതുമായ വായനയ്ക്കും സൗകര്യമുണ്ടാകും. ഭാവിയിൽ ട്രയിനിങ് ക്ലബായി വികസിപ്പിക്കാവുന്ന ഒരു ഗെയിം സോണും ആലോചനയിലുണ്ട്.

രാജ്യാന്തരനിലവാരത്തിൽ പെയിന്റിങ്, ടെറാക്കോട്ട, കൈത്തറി, ശില്പങ്ങൾ, മുള-ഈറ്റയുത്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി നിശ്ചിത തീം അടിസ്ഥാനമാക്കി ആർട്ട് & ക്രാഫ്റ്റ് ബിനാലെയും വർക്ക് ഷോപ്പുകളും എല്ലാക്കൊല്ലവും സംഘടിപ്പിക്കും. ഏപ്രിലിലും സെപ്തംബറിലും ക്രാഫ്റ്റ് – ഫുഡ് ഫെസ്റ്റിവലുകളും കലാമേളകളും വില്ലേജിന്റെ കാലൻഡറിൽ ഉണ്ട്.

കേരള കലാ-കരകൗശലഗ്രത്തിന്റെ ആദ്യഘട്ടം ജനുവരി 16നു വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുമെന്ന് ടൂറിസം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ക്രാഫ്റ്റ് വില്ലേജിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കളരി അക്കാദമിയുടെ കോൺസെപ്റ്റ് പുസ്തകം കളരിപ്പയറ്റിലെ സംഭാവനകൾക്കു പദ്മശ്രീ ലഭിച്ച മീനാക്ഷിയമ്മയ്ക്കു നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ടൂറിസം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡോ: ശശി തരൂർ എം.പി.യും എം. വിൻസെന്റ് എം.എൽ.എ.യും മുഖ്യാതിഥികളാകും.

കരകൗശല-കൈത്തൊഴിൽ കലാകാരർക്കു തൊഴിൽ സൃഷ്ടിക്കാൻ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് ഇതെന്നു മന്ത്രി പറഞ്ഞു. ഉത്തരവാദടൂറിസം എന്ന നിലയിൽ തദ്ദേശിയ ജനതയ്ക്കും പലതരത്തിൽ പ്രയോജനം ചെയ്യത്തക്ക വിധത്തിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.