തിരുവനന്തപുരം:പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീരസംരക്ഷണതിനായി ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയ്ക്കു ജില്ലയില്‍ തുടക്കമാകുന്നു.പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള 700 മീറ്റര്‍ പ്രദേശമാണ് 19.70 കോടി രൂപ ചെലവഴിച്ച് സുരക്ഷിതമാക്കുന്നത്. പൂന്തുറ മേഖലയില്‍ തീരസംരക്ഷണത്തിനായി നിര്‍മിച്ച കടല്‍ മുട്ടും സംരക്ഷണഭിത്തിയും വേണ്ടത്ര ഫലപ്രദമല്ലാത്തതാണ് ബ്രേക്ക് വാട്ടര്‍ പദ്ധതി ആരംഭിക്കാന്‍ കാരണം.
പദ്ധതി നടപ്പാക്കുന്നതോടെ കടല്‍ തീരത്ത് നിന്ന് 120 മീറ്റര്‍ അകലത്തില്‍തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടുന്നതോടെ ശക്തി കുറയും. കടലാക്രമണം പൂര്‍ണമായും കുറയ്ക്കാന്‍ ഇത് സഹായകമാകും. കൂടാതെ തീരത്തിനും ബ്രേക്ക് വാട്ടറിനുമിടയില്‍ തിരമാലകള്‍ക്ക് ശക്തി കുറയുന്നതിനാല്‍ ബീച്ച് രൂപപ്പെടുകയും ഇവിടെ വള്ളങ്ങള്‍ക്ക് അനായാസം കരയ്ക്കടുക്കുവാനും സാധിക്കും.
കരയില്‍ നിന്ന് 120 മീറ്റര്‍ അകലത്തില്‍ തീരത്തിനു സമാന്തരമായാണ് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ സ്ഥാപിക്കുന്നത്. 100 മീറ്റര്‍ വീതം നീളമുള്ള 5 ബ്രേക്ക് വാട്ടറുകളാണ് ആദ്യം സ്ഥാപിക്കുക. ബ്രേക്ക് വാട്ടറുകള്‍ക്കിടയില്‍ 50 മീറ്റര്‍ അകലം ഉണ്ടായിരിക്കും. വള്ളങ്ങള്‍ക്ക് ഇതിലൂടെ പ്രവേശിക്കാന്‍ കഴിയും.തീരദേശ സംരക്ഷണത്തിനുള്ള കല്ലിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടര്‍ എന്ന ആശയം സര്‍ക്കാര്‍ പരിഗണിച്ചത്.
അഞ്ചു മീറ്റര്‍ വ്യാസവും 20 മീറ്റര്‍ നീളവുമുള്ള പോളി പ്രൊപ്പലിന്‍ ട്യൂബുകളിലാണ് മണല്‍ നിറച്ച് ബ്രേക്ക് വാട്ടര്‍ സ്ഥാപിക്കുന്നത്. ഇത്തരം ട്യൂബുകളുടെ മൂന്ന് അടുക്കുകള്‍ ഒരു ബ്രേക്ക് വാട്ടറില്‍ ഉണ്ടാകും.
നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് പദ്ധതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നത്. പൂന്തുറ നിന്നും ആരംഭിച്ച് വലിയ തുറ, ബീമാപള്ളി, ശംഖുമുഖം മേഖലകളിലെ തീരസംരക്ഷണത്തിന് ഉതകുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.