ആലപ്പുഴ: ജില്ലയില്‍ ചേര്‍ത്തല താലൂക്കിന്‍റെ വടക്കന്‍ മേഖലയില്‍ ചെങ്ങണ്ട, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, ഉളവയ്പ്പ്, കൂടപുറം, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി, കാക്കത്തുരുത്ത്, കോടംത്തുരുത്ത്, എഴുപുന്ന എന്നിങ്ങനെയുള്ള കായല്‍ പ്രദേശങ്ങളില്‍ കായല്‍ വളച്ച്കെട്ടി ചപ്പും, പടലും, മരച്ചില്ലകളും കൂട്ടിയിട്ട് കൃത്രിമപാര് സൃഷ്ടിച്ച് മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കി ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മരച്ചില്ലകള്‍ വലിച്ച് മാറ്റി ചെറുകണ്ണികളുള്ള വല ഉപയോഗിച്ച് മുട്ടയിട്ട് വിരിഞ്ഞു വരുന്ന ചെറു മത്സ്യങ്ങളെ ഉള്‍പെടെ പിടിച്ച് നശിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ അനധികൃത മത്സ്യബന്ധന രീതി കാരണം കരിമീന്‍, കൂരി, ഒറത്തല്‍, കതിരാന്‍, വറ്റ മറ്റ് വിവിധയിനം മത്സ്യങ്ങള്‍ക്ക് വലിയ രീതിയില്‍ വംശ നാശം സംഭവിക്കുമെന്നതിനാല്‍ കായല്‍ കൈയ്യേറി ഇത്തരത്തിലുള്ള മത്സ്യം നിശിപ്പിക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും ബന്ധപ്പെട്ടവര്‍ ഉടനടി പിന്തിരിയണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. അല്ലാത്തവര്‍ക്കെതിരെ കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് & ആക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.