പടിഞ്ഞാറേ മനക്കോടം നിവാസികളുടെ സ്വപ്‌ന സാക്ഷാത്കാരം

ആലപ്പുഴ: തുറവൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറേ മനക്കോടം നിവാസികളുടെ ഏറെനാളത്തെ ആവശ്യമായ വാക്കയില്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

അരൂര്‍ നിയോജകമണ്ഡലത്തിലെ പളളിത്തോടിനെയും ഇല്ലിക്കല്‍ മനക്കോടത്തെയും ബന്ധിപ്പിച്ചു പൊഴിച്ചാലിനു കുറുകെയാണീ പാലം നിര്‍മ്മിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് 16.80 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ 1.45 കോടി രൂപ ഭൂമി ഏറ്റെടുക്കലിനു വേണ്ടി മാത്രമാണ് മാറ്റിവെച്ചത്.

ബോസ്ട്രിങ് ആര്‍ച്ച് എന്ന നവീന രീതിയിലാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. പാലത്തിന് ഒരു സ്പാനോടുകൂടി 32.00 മീറ്റര്‍ നീളവും, 7.50 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. പാലത്തിന്റെ ഇരു വശങ്ങളിലായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളും ഉണ്ട്. ഇരുകരകളിലുമായി 70 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും 80 മീറ്റര്‍ നീളത്തില്‍ മൂന്ന് സര്‍വ്വീസ് റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി തുറവൂര്‍ തെക്ക് വില്ലേജില്‍ നിന്നും 82.0 സെന്റ് വസ്തു ഏറ്റെടുക്കുന്നതിനുള്ള അനുമതിയും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട് കിടക്കുന്ന പടിഞ്ഞാറെ മനക്കോടത്തെ വാക്കയില്‍ കോളനിയെ മൂലേക്കളം, തുറവൂര്‍ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം എ.എം ആരിഫ് എം.പി. മുന്‍കൈയെടുത്താണ് യാഥാര്‍ത്ഥ്യമാക്കിയത്. 2019 സെപ്റ്റംബറിലാണ് പാലത്തിന്റെ പണി തുടങ്ങിയത്. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇതുവഴി തുറവൂര്‍, കുത്തിയതോട്, എറണാകുളം ഭാഗത്തേക്ക് വാക്കയില്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ എത്താനാകും. ഇത് ജനങ്ങളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും മറുകരയിലേക്ക് വിദ്യാഭ്യാസത്തിന് പോകുന്നവരുടെ യാത്രാദുരിതം പരിഹരിക്കുന്നതിനും ഏറെ സഹായകമാകും.

പാലത്തിന്റെ പൈലിംഗ് ജോലികളും, പൈല്‍ ക്യാപ്പിങ് പ്രവര്‍ത്തികളുമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. മറ്റു പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.