കണ്ണൂർ: 200 വര്‍ഷത്തിലേറെ പഴക്കമുള്ള ബൈബിള്‍, വിദേശികളുടെ കല്ലറകള്‍ മാത്രം നിറഞ്ഞ നാലരയേക്കറോളം പരന്നു കിടക്കുന്ന സെമിത്തേരി,  ബ്രിട്ടീഷ് പൗരാണികതയുടെയും സംസ്‌കാരത്തിന്റെയും ചരിത്രമുറങ്ങുന്ന സിഎസ്‌ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളിയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്.
 പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പള്ളിയുടെ സമര്‍പ്പണവും  സംരക്ഷണ വിധേയമാക്കിയ പുരാരേഖകളുടെ കൈമാറ്റവും ജനുവരി 16ന്  രാവിലെ 11ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. കെ സുധാകരന്‍ എം പി അധ്യക്ഷനാകും.
പുരാവസ്തു വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും  അനുവദിച്ച 86.50 ലക്ഷം രൂപ വിനിയോഗിച്ചാണ്  പള്ളിയുടെയും ചരിത്ര രേഖകളുടെയും സംരക്ഷണ  പ്രവൃത്തികള്‍ നടത്തിയത്.
2018 സെപ്തംബര്‍ നാലിനാണ് സെന്റ് ജോണ്‍സ് ആംഗ്ലോ ഇംഗ്ലീഷ് പള്ളിയെ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള  പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.  2019 മെയ് 30ന് ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനമായി. പള്ളിയെ അതിന്റെ പഴയ രൂപത്തിലേക്ക്  തിരിച്ച് കൊണ്ടുവരികയും  ഘടനാപരമായി ബലപ്പെടുത്തുകയുമായിരുന്നു പദ്ധതിയുടെ ഉദ്ദേശം. രണ്ട് നൂറ്റാണ്ടുകളോളം പഴക്കമുള്ളതും, ഉയരമേറിയതുമായ പള്ളിയുടെ മേല്‍ക്കൂരയുടെയും  ചുറ്റുമുള്ള വരാന്തയുടെയും ഓടുകള്‍ പൂര്‍ണമായും ഇളക്കി മാറ്റിയാണ്  സംരക്ഷണ, അറ്റകുറ്റ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. പള്ളിയുടെ ഇരുവശത്തുമുള്ള  ഹാളുകളിലെ വലിയ ആര്‍ച്ച് ജനലുകള്‍ പഴയ രീതിയില്‍ തന്നെ പുനഃസ്ഥാപിച്ചു. നവീകരണ പ്രവൃത്തികളുടെ ഭാഗമായി ദ്രവിച്ചു തുടങ്ങിയ മച്ചിന്റെ ഭാഗങ്ങള്‍ ഇളക്കി മാറ്റി സംരക്ഷണ  പ്രവൃത്തികള്‍ നടത്തി, ബലപ്പെടുത്തി പുനഃസ്ഥാപിക്കുകയും വാതിലുകള്‍, പള്ളിയുടെ തറ എന്നിവ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍വ്വരൂപത്തിലാക്കുകയും ചെയ്തു.


ചരിത്രമുറങ്ങുന്ന വഴികളിലൂടെ

1805 ലാണ് കണ്ണൂരില്‍ ഉള്‍പ്പടെ ഏഴ് സൈനിക ക്യാമ്പുകളില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിക്കുന്നത്.  600 പേരെ ഉള്‍കൊള്ളുന്ന ഒരു സാധാരണ പള്ളി നിര്‍മ്മിക്കാനായിരുന്നു മദ്രാസ് റസിഡന്‍സിയിലെ ചാപ്ലിന്‍ നിര്‍ദ്ദേശിച്ചത്. പള്ളിയുടെ നിര്‍മ്മാണം സംബന്ധിച്ച ചുമതല  ചെന്നൈയിലെ സൈനിക എഞ്ചിനീയര്‍മാര്‍ക്കായിരുന്നു. 1811 ല്‍ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അതാണ് ഇപ്പോഴത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം കന്റോമെന്റ് ഏരിയയില്‍ സ്ഥിതിചെയ്യുന്ന സിഎസ്‌ഐ സെന്റ് ജോസ് ഇംഗ്ലീഷ് ചര്‍ച്ച്.
നിര്‍മ്മാണത്തിലെ അപൂര്‍വ്വതയും ചരിത്ര പഴമയും ആണ് ഈ ആഗ്ലിക്കന്‍ ദേവാലയത്തിന്റെ പ്രത്യേകത. പള്ളി സെമിത്തേരിക്കും ഏറെ പ്രത്യേകതകള്‍ ഉണ്ട്. പള്ളിയോട് ചേര്‍ന്നുള്ള നാലരയേക്കറിലാണ് സെമിത്തേരി.  വിദേശികളുടെ കല്ലറകളാണ് സെമിത്തേരി നിറയെ. അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിച്ചിരിക്കുന്നതായാണ്  രേഖകള്‍ വ്യക്തമാക്കുന്നത്. അടക്കം ചെയ്തവരുടെ വിവരങ്ങള്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന ബ്യുറിയല്‍സ് എന്ന പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല രൂപത്തിലും വലുപ്പത്തിലുമുള്ള കല്ലറകള്‍ സെമിത്തേരിയില്‍ കാണാം. സാധാരണ ചെയ്യുന്നത് പോലെ കിടത്തി മാത്രമല്ല, ഇരുത്തിയും നിര്‍ത്തിയും വരെ ഇവിടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. പദവിയും സ്ഥാനവും കണക്കിലെടുത്ത് പല ആകൃതിയില്‍ നിര്‍മ്മിച്ച  കല്ലറകളാണ് ഇവിടുള്ളത്. ഇന്നും യൂറോപ്പ്, പോര്‍ച്ചുഗീസ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ പൂര്‍വികന്‍മാരുടെ കല്ലറകള്‍തേടി പല വിദേശികളും ഇവിടെ എത്തുന്നു.   ബ്രിട്ടീഷ് പൗരാണികതയുടെ ശേഷിപ്പുകളുറങ്ങുന്ന കണ്ണൂരിലെ എറ്റവും പഴക്കം ചെന്ന സെമിത്തേരികളില്‍ ഒന്നു കൂടിയാണിത്.
1852ലാണ് പള്ളിയുടെ പുനരുദ്ധാരണം നടന്നത്. ഗ്രീക്ക് കേരളീയ വാസ്തുശില്‍പ ശൈലികളുടെ  സംയോജനം ഇതിന്റെ നിര്‍മ്മിതിയില്‍ കാണാം. 70 അടി നീളവും 47 അടി വീതിയും 41 അടി ഉയരവുമാണ് പള്ളിയുടെ പ്രധാനഭാഗത്തിനുള്ളത്. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ബഞ്ചുകളും ഫര്‍ണിച്ചറുകളുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന മണി ഉള്‍പ്പെടെ നിരവധി പുരാവസ്തുക്കള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. ചെങ്കല്ലിലാണ് പള്ളിയുടെ നിര്‍മ്മാണം.