ചിറ്റൂരിലെ ചിത്രാഞ്ജലി തിയറ്റര്‍ നവീകരിച്ച് നിര്‍മിച്ച കൈരളി-ശ്രീ തിയറ്ററുകളില്‍ ആദ്യ പ്രദര്‍ശനം ഇന്ന് നടക്കും. (മെയ് ഒന്ന്) വൈകിട്ട് മൂന്നിന് നിയമ-സാംസ്‌കാരിക-പിന്നാക്കക്ഷേമ – പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നാല് കോടി ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ തിയറ്റര്‍ നവീകരിച്ചത്. വൈകിട്ട് ആറിന് കൈരളിയില്‍ അങ്കിള്‍ സിനിമയും ശ്രീയില്‍ അരവിന്ദന്റെ അതിഥികള്‍ സിനിമയും പ്രദര്‍ശിപ്പിക്കും.
പൂര്‍ണമായും ശീതീകരിച്ച തിയറ്റര്‍ സമുച്ചയത്തില്‍ പാര്‍ക്കിങ് സൗകര്യം, സി.സി.ടി.വി. സുരക്ഷ, കാന്റീന്‍, ശുചിമുറികള്‍, ജനറേറ്ററുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 2 – കെ പ്രൊജക്ഷന്‍, 7.1 സറൗണ്ട് ശബ്ദ സംവിധാനം, പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, ഇ-ടിക്കറ്റ് സംവിധാനം എന്നീ അത്യാധുനിക നിലവാരത്തിലാണ് തിയറ്റര്‍ പുതുക്കിപ്പണിതിരിക്കുന്നത്. കൈരളിയില്‍ 350 ഉം ശ്രീയില്‍ 245 ഉം ഇരിപ്പിടങ്ങളാണുള്ളത്. നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്.
കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ പി.കെ.ബിജു എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മാനെജിങ് ഡയറക്ടര്‍ ദീപ ഡി. നായര്‍, പ്രദര്‍ശന സിനിമകളിലെ അഭിനേതക്കള്‍ – സാങ്കേതിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.