ട്രാഫിക് നിയമങ്ങളെക്കുറിച്ചു കുട്ടികളെ പ്രായോഗികമായി പഠിപ്പിക്കുന്നതിന് ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കണമന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വയസ് തികയുമ്പോഴോ, ഡ്രൈവിംഗ് പഠിക്കുമ്പോഴോ  മാത്രം റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും അറിഞ്ഞാല്‍ പോരെ. സ്‌കൂള്‍ തലം മുതല്‍ ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. പാഠപുസ്തകങ്ങളില്‍ ഇതു സംബന്ധിച്ച ഭാഗങ്ങളുള്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
നല്ല ഡ്രൈവിംഗ് ഒരു സംസ്‌ക്കാരമാണ്. അത് വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം  കൃത്യമായ ബോധവത്കരണം നല്‍കി.  റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പല സ്ഥലങ്ങളിലും വേഗപരിധി  നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അനുസരിക്കാന്‍ ആരും തയ്യാറാവുന്നില്ല. ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ള പ്രദേശങ്ങള്‍ കൃത്യമായി അറിയാവുന്ന ഡ്രൈവര്‍മാര്‍ ആ സ്ഥലങ്ങളില്‍ സ്പീഡ് കുറയ്ക്കുകയും പിന്നീട് കൂട്ടുകയും ചെയ്യുന്ന പ്രവണതയാണുളളത്. ഇത്തരം  നിയമലംഘനങ്ങള്‍  തടയാന്‍ ലൈസന്‍സ് റദ്ദാക്കുന്നതു ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. കെ.പി.എസ്.മോനോന്‍ ഹാളില്‍ നടന്ന  ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. നഗരസഭാപ്രതിപക്ഷ നേതാവ് സത്യനേശന്‍, ആര്‍.റ്റി.ഒ പ്രേമാനന്ദന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. പി. ജയകുമാര്‍, കൗണ്‍സിലര്‍ ബാബു, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ എം.ബി. ജയചന്ദ്രന്‍. അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് വി. കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.