ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ വീഡിയോ മത്സരം ‘മിഴിവ്-2021’ ലേക്കുള്ള എൻട്രികൾ 31 വരെ സമർപ്പിക്കാം. സംസ്ഥാന സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് മിഴിവ് ഓൺലൈൻ മത്സര പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയർന്നതിനെത്തുടർന്നാണ് തിയതി നീട്ടിയത്.
www.mizhiv.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. ”കേരളത്തിൽ നിങ്ങൾ കണ്ട വികസന കാഴ്ച” എന്നതാണ് വിഷയം. കഴിഞ്ഞ നാലര വർഷത്തെ സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷൻ/ ഡോക്യുഫിക്ഷൻ/ അനിമേഷൻ (3ഡി/2ഡി), നിശ്ചല ചിത്രങ്ങൾ, മൂവിയാക്കുക തുടങ്ങി ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാൽ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കൻഡ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച് ഡി  (1920 x 1080) mp4 ഫോർമാറ്റിൽ വേണം അപ്‌ലോഡ് ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് വീഡിയോ അപ്‌ലോഡ് ചെയ്യാം. പ്രമുഖ സിനിമ-പരസ്യ സംവിധായകർ വിഡിയോകൾ വിലയിരുത്തി വിജയികളെ നിശ്ചയിക്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. പ്രോത്സാഹന സമ്മാനം 5,000 രൂപ വീതം അഞ്ച് പേർക്ക് നൽകും. മിഴിവ് മത്സരത്തിലെ എൻട്രികളുടെ പകർപ്പവകാശം പി.ആർ.ഡിക്കായിരിക്കും.