ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ മൊന്തചാല്‍- ചിറയ്ക്കല്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിറയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയില്‍ ആയതോടെ പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാനും വാഹനയാത്ര സൗകര്യമുള്ള പാലം നിര്‍മിക്കാനുമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുന്‍കൈയ്യെടുത്താണ് ഫണ്ട് അനുവദിപ്പിച്ചുള്ള പാലത്തിന്റെ നിര്‍മാണം.

പാലത്തിന്റെ നിര്‍മാണത്തിനൊപ്പം അപ്രോച്ച് റോഡ് നിര്‍മ്മിക്കുവാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പാലത്തിന്റെ നിര്‍മാണത്തിനായി 38 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. 10 മീറ്റര്‍ നീളത്തിലും നാലു മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കാത്തതിനാല്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കാല്‍നടയായി മറുകരയില്‍ എത്തേണ്ട അവസ്ഥയിലായിരുന്നു വാര്‍ഡ് നിവാസികള്‍. കൊച്ചുകുട്ടികള്‍ക്ക് ഉള്‍പ്പെടെ സ്‌കൂളില്‍ പോകാനും ശോചനീയ അവസ്ഥയിലുള്ള പഴയ പാലം മാത്രമായിരുന്നു ആശ്രയം. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ പറഞ്ഞു.