*  അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ തികച്ചും സൗജന്യമായി സ്വീകരിക്കും
* അവസാന തീയതി ഫെബ്രുവരി രണ്ട്
തിരുവനന്തപുരം:  പൊതുജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും സാന്ത്വന സ്പര്‍ശം വഴി അതിവേഗം തീര്‍പ്പാക്കുന്നതിന് ജില്ലയില്‍ പ്രത്യേക സംവിധാനമൊരുക്കി.  അഞ്ച് വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തരംതിരിക്കുന്ന പരാതികള്‍ അതിവേഗത്തില്‍ ജില്ലാ ഓഫിസുകളിലേക്കു കൈമാറി തീര്‍പ്പുണ്ടാക്കും.  എല്ലാവിധ നൂലാമാലകളും അഴിച്ച് അദാലത്ത് പൂര്‍ണ വിജയത്തിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലയില്‍ പൂര്‍ത്തിയായതായി ഇതു സംബന്ധിച്ചു ചേര്‍ന്ന അവോലന യോഗത്തില്‍ അദാലത്തിന്റെ ചുമതലയുള്ള സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു.  മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിലാണ് ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് നടക്കുന്നത്.
സര്‍ക്കാരിന്റെ എല്ല വകുപ്പുകളുമായും ബന്ധപ്പെട്ട പരാതികള്‍ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരിഗണിക്കും.  പരാതികള്‍ ഫെബ്രുവരി രണ്ടു വരെ അക്ഷയ സെന്ററുകള്‍ മുഖേന സമര്‍പ്പിക്കാം.  അപേക്ഷകനില്‍നിന്ന് ഇതിനു യാതൊരു ഫീസും ഈടാക്കില്ല.  മുഖ്യന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ cmo.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും പരാതികള്‍ നല്‍കാം.  പരാതിക്കൊപ്പം അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം.
അപേക്ഷ നല്‍കുന്നതിനൊപ്പം ഒരു ഡോക്കറ്റ് നമ്പര്‍ എല്ലാ അപേക്ഷകര്‍ക്കും ഈ നമ്പറില്‍ ലഭിക്കും.  പരാതി പ്രോസസ് ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങളും മൊബൈല്‍ നമ്പറില്‍ ലഭ്യമാകും.  ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍, ജില്ലാ സപ്ലൈ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സാമൂഹ്യ നീതി ഓഫിസര്‍ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ജില്ലയിലെ പരാതികള്‍ ആദ്യഘട്ടത്തില്‍ തരംതിരിച്ച് ഓരോ പരാതിയുടേയും സ്വഭാവമനുസരിച്ച് അതതു വകുപ്പുകളുടെ ജില്ലാ ഓഫിസുകളിലേക്ക് അയക്കുന്നത്.
സാന്ത്വന സ്പര്‍ശത്തില്‍ ലഭിക്കുന്ന ഓരോ അപേക്ഷയും അതീവ ഗൗരവത്തോടെ കണ്ടു പരമാവധി വേഗം തീര്‍പ്പാക്കാന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.  അദാലത്ത് നടക്കുന്ന സ്ഥലങ്ങളിലെല്ലാം മെഡിക്കല്‍ സേവനം, ആംബുലന്‍സ്, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ സേവനം ഉറപ്പാക്കും.  അപേക്ഷകരുടെ സുഗമമായ യാത്രയ്ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സിയുടെ സ്പെഷ്യല്‍ സര്‍വീസും ഏര്‍പ്പെടുത്തും.  കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളിലുണ്ടാകും.   പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാകും അദാലത്തുകള്‍ നടത്തുക.   പരാതികള്‍ക്കു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകള്‍, നേരത്തേ നല്‍കിയിട്ടുള്ളതും തീര്‍പ്പാകാതെ കിടക്കുന്നതുമായ പരാതികള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.
ഒരു ദിവസം രണ്ടു താലൂക്കുകള്‍ക്ക് എന്ന ക്രമത്തിലാണ് അദാലത്തിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്.  ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ പരാതികള്‍ പരിഹരിക്കാന്‍ നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദാലത്ത് നടക്കും.  രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ നെയ്യാറ്റിന്‍കര താലൂക്കിലേയും പരാതികള്‍ മന്ത്രിമാര്‍ നേരിട്ടു കേള്‍ക്കും.  ഒമ്പതിനു വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ പരാതികളാണ് അദാലത്തില്‍ പരിശോധിക്കുന്നത്.   ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വേദി.  രാവിലെ ഒമ്പതു മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ ചിറയിന്‍കീഴ് താലൂക്കിലേയും പരാതികള്‍ കേള്‍ക്കും.   11നു തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാകും പരിശോധിക്കുക.  എസ്.എം.വി. സ്‌കൂളിലാണ് പരിപാടി നടക്കുന്നത്.   രാവിലെ ഒമ്പതു മുതല്‍ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതല്‍ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികള്‍ പരിഗണിക്കും.
അദാലത്തിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, എ.ഡി.എം ഇന്‍ ചാര്‍ജ് സി.ജി ഹരികുമാര്‍, സാന്ത്വന സ്പര്‍ശം ജില്ലാ നോഡല്‍ ഓഫീസറും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുമായ ജി.കെ സുരേഷ് കുമാര്‍, എല്‍.ആര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അനു.എസ് നായര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.