മലപ്പുറം: വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് തൃക്കലങ്ങോട് നടപ്പാക്കുന്ന ‘മിയാവാക്കി വനവല്‍ക്കരണം’ പദ്ധതി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ചെറാംകുത്ത് പുല്ലൂര്‍മനയില്‍ തുടക്കമായി. വൃക്ഷത്തൈ നട്ട് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ്    അധ്യക്ഷനായി.
മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവയുടെ പരിപാലനത്തിലൂടെ സുസ്ഥിരവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തട ഘടകം പദ്ധതിയിലാണ് മിയാവാക്കി വനം രൂപീകരിക്കുന്നത്. ചെറാംകുത്ത് പുല്ലൂര്‍ മനയിലാണ് വണ്ടൂര്‍ ബ്ലോക്കിലെ ആദ്യ മിയാവാക്കി വനം യാഥാര്‍ത്ഥ്യമാക്കിയത്.
ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് ചെകിരിച്ചോറ്, ചാണകം, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ മണ്ണുമായി ചേര്‍ത്തി നിറയ്ക്കുന്നു. ഒരു മീറ്റര്‍ സ്‌ക്വയറില്‍ നാല് ചെടികള്‍ എന്ന രീതിയില്‍ 420 ചെടികള്‍ 105 മീറ്റര്‍ സ്‌ക്വയര്‍ സ്ഥലത്ത് നട്ടു പിടിപ്പിച്ചിട്ടുണ്ട്. 87 ഇനം ചെടികളില്‍ രുദ്രാക്ഷം, കമണ്ഡലു മരം, തീപാല, കരിവെള്ളിക്കോല്‍, മലമുരിഞ്ഞ, നാഗലിംഗം, പാരിജാതം, അങ്കോളം, വയ്യങ്കത, ഏകനായകം, മഹാവില്വം, പുത്രഞ്ചയ്‌വ,  കാശാവ് എന്നിങ്ങനെയുള്ള അപൂര്‍വ വൃക്ഷങ്ങളും നാട്ടുമരങ്ങളും വച്ച് പിടിപ്പിച്ചിട്ടുണ്ട്. ചുറ്റും വേലി തിരിച്ച് സംരക്ഷണകവചമൊരുക്കിയിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് 20 അടി വരെ പൊക്കം വച്ച് ഇട തിങ്ങി വളരുന്ന വനമാണ് സ്വസ്തി എന്ന്  പൂല്ലൂര്‍ മന നരേന്ദ്രന്‍ നമ്പൂതിരി പേരിട്ടിരിക്കുന്ന ഈ ചെറുവനം ലക്ഷ്യമിടുന്നത്
ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം, അന്തരീക്ഷ മലിനീകരണം, അനിയന്ത്രിതമായ വനനശീകരണം എന്നിവ മൂലം അപൂര്‍ണ്ണമായ കാര്‍ബണ്‍ സൈക്കിള്‍ പ്രക്രിയ മൂലം ഉല്‍പ്പന്നമായ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോത് കുറച്ച് കാര്‍ബണ്‍ സന്തുലിത നീര്‍ത്തടങ്ങള്‍ സൃഷ്ടിക്കുക എന്ന ആശയത്തിലൂന്നിയാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
കാര്‍ബണ്‍ ആഗിരണ ശേഷി കൂടിയ തദ്ദേശീയമായ നാട്ടു മരങ്ങള്‍ വച്ച് പിടിപ്പിച്ച് ചെറുവനങ്ങള്‍ സൃഷ്ടിക്കുവാനാണ് പദ്ധതി രൂപീകരിച്ചത്. നാട്ടുവനങ്ങള്‍ നാടന്‍മരങ്ങളാല്‍ എന്ന ആശയത്തിലൂന്നി ജപ്പാന്‍ സസ്യശാസ്ത്രജ്ഞനായ ഡോ. ആക്കീര മിയാവാക്കി 1980 കളില്‍ നടപ്പിലാക്കിയ ഒരു വനവത്കരണ രീതിയാണ് മിയാവാക്കി വനവത്കരണം.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു, ബ്ലോക്ക് ഡിവിഷന്‍ അംഗം അജിത നന്നാട്ടുപുറത്ത്, പഞ്ചായത്ത് അംഗം ജസീര്‍  കുരിക്കള്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ബ്ലോക്ക് പഞ്ചായത്ത്  വനിതാ ക്ഷേമ ഓഫീസര്‍ സുരേഷ് ബാബു, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ രാഗേഷ്, നരേന്ദ്രന്‍ നമ്പൂതിരി പുല്ലൂര്‍ മന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.