മലപ്പുറം: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘കേരഗ്രാമം’ പദ്ധതിയില്‍  പൊന്മള പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതിന്റെ പ്രഖ്യാപന ചടങ്ങ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ‘കേരഗ്രാമം’ നടപ്പിലാക്കുന്ന നാലാമത്തെ പഞ്ചായത്താണ് പൊന്മള. എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളെ നേരത്തെ ‘കേരഗ്രാമം’പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പദ്ധതിക്കായി 50.17 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ലഭിക്കുക. പഞ്ചായത്ത് വിഹിതവും ഓരോ കേരഗ്രാമത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ വച്ച് പിടിപ്പിക്കുക, സബ്‌സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങില്‍ തോപ്പുകളില്‍ കിണര്‍, പമ്പ് സെറ്റ്, സൂക്ഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവ വള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍ എന്നിവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നിവയാണ് കേരഗ്രാമം പദ്ധതിയിലൂടെ പ്രധാനമായും നടപ്പിലാക്കുക.

പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ. കുഞ്ഞിമാനു അധ്യക്ഷനായി. ജില്ലാ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഓഫീസര്‍ ജോര്‍ജ് വി.തോമസ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ നൗഫിയ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുലൈഖ, റാബിയ, അത്തു കുഞ്ഞാന്‍, വി.എ റഹ്‌മാന്‍, കെ. മൊയ്തീന്‍, ഷാജഹാന്‍, ഷാഹിദ, കൃഷി ഓഫീസര്‍ സലാം ആലങ്ങാടന്‍, കൃഷി അസിന്റന്റ് യൂസഫ് എന്നിവര്‍ സംസാരിച്ചു.