മലപ്പുറം: തേഞ്ഞിപ്പലം ദേശീയ പാതയോരത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കേരള ഫയര്‍ ഫോഴ്‌സും കാലിക്കറ്റ് സര്‍വകലാശാലയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കാലിക്കറ്റ് സര്‍വകലാശാല വിട്ടു നല്‍കിയ 50 സെന്റ് സ്ഥലത്താണ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഈ ഭൂമി കൈമാറ്റത്തിനുള്ള ധാരണ പത്രത്തിലാണ് അധികൃതര്‍ ഒപ്പുവെച്ചത്. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ സതീഷ് ജില്ല ഫയര്‍ ഓഫീസര്‍ പി.അനൂപ് എന്നിവര്‍ ധാരണ പത്രം കൈമാറി. സര്‍വകലാശാല  രജിസ്ട്രാറുടെ ചേംബറിലായിരുന്നു ചടങ്ങ്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ ഹനീഫ, ടോം കെ തോമസ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ്, സ്റ്റേഷന്‍ ഓഫീസര്‍മാരായ          സി.ബാബു രാജ്, എം. അബ്ദുള്‍ ഗഫൂര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സീനിയര്‍  ഓഫീസര്‍മാരായ എല്‍.ഗോപാലകൃഷ്ണന്‍, എസ്.പി സജിത്ത്, ഹോം ഗാര്‍ഡ് ടി. കൃഷ്ണകുമാര്‍ എന്നിവര്‍  പങ്കെടുത്തു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് സമീപത്തെ 50 സെന്റ് സര്‍വകലാശാല ഭൂമിയാണ് ഫയര്‍ സ്റ്റേഷനായി കൈമാറിയത്.