കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സുതാര്യമായ സഹകരണം അനിവാര്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടപടികക്രമങ്ങളും നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.
വിമര്‍ശനങ്ങള്‍ക്കിടവരാത്ത വിധം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പ്രത്യേകിച്ച് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് സീലിംഗ്, ഓപ്പണിങ് തുടങ്ങിയവയില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണ്. ഉദ്യോഗസ്ഥ തലത്തില്‍ പക്ഷപാതപരമായ നിലപാടുകള്‍ കൈക്കൊള്ളുന്ന സ്ഥിതിവിശേഷം അനുവദിക്കില്ല. വിവരങ്ങള്‍ കൃത്യമായിയിരിക്കുന്നു എന്നുറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് കൂട്ടായ്മ ഉടന്‍ രൂപീകരിക്കും.
പോളിംഗ് സ്റ്റേഷനുകളുടെ ക്രമീകരണം, സ്വകാര്യ മേഖലയില്‍ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം, സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്, വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍, പ്രചരണ പ്രവര്‍ത്തനങ്ങള്‍, വോട്ടര്‍ പട്ടിക ശുദ്ധീകരണം, തിരഞ്ഞെടുപ്പ് യോഗസ്ഥലങ്ങള്‍, ഹരിതചട്ട പാലനം, സി-വിജില്‍ ആപ്പ് സംവിധാനം, വിവിധ സ്‌ക്വാഡുകള്‍, മാധ്യമ നിരീക്ഷണ സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം, എന്നീ വിഷയങ്ങളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടിട്ടുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വോട്ടര്‍പട്ടിക ശുദ്ധീകരണം, തിരഞ്ഞെടുപ്പ് ചിലവുകളുടെ ഏകീകൃത രൂപം, സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടിന്റെ ആധികാരികത എന്നിവ സംബന്ധിച്ച് സുതാര്യവും സൂക്ഷ്മവുമായ നടപടിക്രമങ്ങള്‍ പിന്തുടരുമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കലക്ടര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളെക്കുറിച്ചും കേന്ദ്ര സേനാംഗങ്ങളുടെ പോസ്റ്റിംഗ് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണനും റൂറല്‍ പൊലീസ് മേധാവി കെ ബി രവിയും യോഗത്തില്‍ വിശദമാക്കി.