തിരഞ്ഞെടുപ്പിന് ആദ്യഘട്ട ഒരുക്കങ്ങളായി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രവര്‍ത്തനം സുഗമ പുരോഗതിയിലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള വിവിധ നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി അദ്ദേഹം വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടരുകയാണ്. ഒപ്പം കോവിഡ് പ്രതിരോധ വാക്‌സിനേഷനും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചാകും അതു സാധ്യമാക്കുക. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വോട്ടിംഗ് മെഷീനുകളുടെ ക്രമീകരണം തുടരുകയാണ്. പെരുമാറ്റച്ചട്ടം പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള സ്‌ക്വാഡുകളും സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളും പരമാവധി പേരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും കാര്യക്ഷമമായി നടപ്പിലാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോവിഡ് സാഹചര്യം കൂടി മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചര്‍ച്ച ചെയ്തു.
ഇതുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് വിജ്ഞാപനം വരുന്നതിന് 10 ദിവസം മുമ്പ് വരെ അവസരമുണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. എ. ഡി. എം. അലക്‌സ് പി തോമസ്, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ യൂസഫ്, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.