പത്തനംതിട്ട:  തിരുവല്ല നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ല മണ്ഡലത്തിലെ കളക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രമായ തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ക്രമീകരണങ്ങളും മണ്ഡലത്തിലെ പ്രശ്‌നബാധിത ബൂത്തുകളും അദ്ദേഹം സന്ദര്‍ശിച്ചു.

റാംപ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ അവ ഒരുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. നിലവിലുള്ള 208 ബൂത്തുകള്‍ക്ക് പുറമെ 103 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 313 ബൂത്തുകളാണ് തിരുവല്ല നിയോജകമണ്ഡലത്തില്‍ നിലവിലുള്ളത്.തിരുവല്ല ആര്‍ഡിഒ പി.സുരേഷ്, അഡീഷണല്‍ എസ്പി എന്‍. രാജന്‍, എസിപി ഡോ. എസ് സുനീഷ് ബാബു, തിരുവല്ല തഹസില്‍ദാര്‍ ഡി.സി. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.