ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്നു. ചടങ്ങ് കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യ്തു. സെമിനാര്‍, ആരോഗ്യ പ്രദര്‍ശനം, മാജിക് ഷോ എന്നീ പരിപാടികളോടെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോടും സംയുക്തമായി  ഉദ്ഘാടനം സംഘടിപ്പിച്ചത്. 1987 ജൂലൈ 11 ന് ലോകജനസംഖ്യ 500 കോടിയിലെത്തിയതു മുതല്‍ എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോകജനസംഖ്യാ ദിനമായി ആചരിക്കുകയാണ്. ജനസംഖ്യാ പ്രവണതകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ഉചിതമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയുമാണ് ദിനാചരണത്തിന്റെ ഭാഗമായി ചെയ്യുന്നത്.
ഈ വര്‍ഷം ലോകജനസംഖ്യാദിന സന്ദേശമായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞടുത്ത ‘കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ്’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി നൈക്കോളജിസ്റ്റ് ഡോ. ഷീല ഉണ്ണി സംസാരിച്ചു. തുടര്‍ന്ന് വിവിധ കുടുംബാസൂത്രണ മാര്‍ഗങ്ങളെകുറിച്ചുള്ള ആരോഗ്യ പ്രദര്‍ശനവും രാജീവ് മേമുണ്ട അവതരിപ്പിച്ച  മാജിക് ഷോയും നടന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്  മുഖ്യാതിഥിയായി. അഡീഷണല്‍ ഡിഎംഒ ഡോ. എസ് എന്‍ രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം  മാനേജര്‍ ഡോ. എ നവീന്‍ ദിനാചരണ സന്ദേശം നല്‍കി. പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡ് മെമ്പര്‍ കെ കെ മഞ്ജിത വിതരണം ചെയ്തു.  ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ്, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ കേശവനുണ്ണി, ജില്ലാ ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, എം.സി.എച്ച് ഓഫീസര്‍ എം ഗീത, താലൂക്ക് ആശുപത്രി നഴിസിംങ് സൂപ്രണ്ട് വി സത്യഭാമ, ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റ് ദിവ്യ ചേലാട്ട് എന്നിവര്‍ സംസാരിച്ചു.