അമ്പലവയല്‍: കൊതിയൂറും ചക്ക വിഭവങ്ങളുമായി അന്താരാഷ്ട്ര ചക്ക മഹോല്‍സവം ശ്രദ്ധേയമാകുന്നു. വിവിധ സ്റ്റാളുകളിലായി നൂറിലധികം ചക്ക വിഭവങ്ങളാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ജീവനക്കാര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിഭവങ്ങളെല്ലാം തയ്യാറാക്കിയത് അമ്പലവയല്‍ ഫുഡ് പ്രൊസസിംഗ് ലാബിലാണ്. വ്യത്യസ്തത പുലര്‍ത്തുന്ന വിഭവങ്ങളും ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്നു ബോധ്യപ്പെടുത്തുക കൂടിയാണ് ഒരോ സ്റ്റാളുകളും. വിയറ്റ്നാം ചക്ക, തേന്‍വരിക്ക, റോസ്വരിക്ക, ജെ 33, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കജെല്ലി, ചക്കതേന്‍, ചക്കക്കുരു ലഡു, ചക്ക മിഠായി എന്നിവയാണ് പ്രധാന ആകര്‍ഷണം.

അതിഥികള്‍ക്കു പുത്തനറിവു നല്‍കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സ്റ്റാളും ശ്രദ്ധേയമാണ്. കൃഷിമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ടിവിടെ. കര്‍ഷകര്‍ക്ക് കൃഷിയില്‍ ബോധവല്‍ക്കരണവുമായി ജില്ലാ കൃഷി ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആത്മ വയനാടിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതിനൊടൊപ്പം പരിശീലനങ്ങള്‍, ക്ലാസുകള്‍, കൃഷിത്തോട്ടത്തിന്റെ മാതൃക, നിര്‍മാണം തുടങ്ങിയവയും ആത്മയുടെ മേല്‍നോട്ടത്തില്‍ നല്‍കുന്നുണ്ട്. കൂടാതെ ചക്കയുടെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സീറോ വേസ്റ്റേജ് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലനം വീട്ടമ്മമാര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്റെ ഭാഗമായി സൗജന്യ നിയമസഹായവുമായി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സ്റ്റാള്‍ ലഭ്യമാണ്. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും മേല്‍നോട്ടത്തില്‍ ജില്ലാ ജഡ്ജിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സൗജന്യമായി നിയമസഹായം നല്‍കുകയാണ്. കൂടാതെ സൗജന്യ കൗണ്‍സലിംഗ്് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്റെ ഭാഗമായി 14നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചക്കസദ്യ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചതായി ഗവേഷണകേന്ദ്രം മേധാവി അറിയിച്ചിട്ടുണ്ട്.