കാലവർഷക്കെടുതി ബാധിത മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകർന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ സന്ദർശനം. ദുരിന്ത മേഖലകളിൽ പെട്ട ആറ് പേർ മരണപ്പെട്ട ഉരുൾപൊട്ടലുണ്ടായ ചെട്ടിയംപാറ, മതിൽ മൂല കോളനിയിലുമടക്കം സന്ദർശിച്ച മന്ത്രി കൂടുതൽ അപകടം തുടരാതിരിക്കാനുള്ള മുൻകരുതൽ സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചർച്ച നടത്തി. എരുമമുണ്ട നിർമ്മല ഹയർ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച മന്ത്രി ഇവിടെ താമസിക്കുന്ന കുടുംബാംഗങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലയിലെ മുഴുവൻ ദുരിതാശ്വാസ ക്യാംപുകളിലും താമസിക്കുന്നവർക്ക് സുരക്ഷയും ശുചിത്വവും ഉറപ്പു വരുത്തി എത്രയും നേരത്തെ സ്വന്തം വീടുകളിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വിധ സഹായങ്ങളുമായി സർക്കാർ ദുരിത ബാധിതർക്കൊപ്പമുണ്ടെന്ന് മന്ത്രി ഉറപ്പു നൽകി. എത് ഘട്ടത്തിലും ഏത് ആവശ്യത്തിനും കൺട്രോൾ റൂമുമായി ബന്ധപ്പെടാം. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പണം തടസ്സമാവില്ല. ദുരന്തത്തിൽ മരണപ്പെട്ട വർക്കും ദുരിത ബാധിതർക്കും സർക്കാർ ധനസഹായം ഉടൻ നൽകും. നാശനഷ്ടങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം സർക്കാർ സഹായം ഉടൻ പ്രഖ്യാപിക്കും. ദുരിതബാധിത മേഖലകളിൽ രാപകൽ ഭേദമന്യെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.