കാണം വില്‍ക്കാതെ തന്നെ ഓണം ആഘോഷിക്കാനാവുന്ന തരത്തില്‍ ഭക്ഷ്യ വിതരണത്തിനുള്ള  നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സപ്ലൈക്കോയുടെ ഓണം ബക്രീദ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുകയും വിലവര്‍ദ്ധനയ്ക്ക് ഇടയാക്കാതെ ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ മിതമായ വിലയില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്ന തെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നും പൊതുവിതരണ സംവിധാനം ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കും.

2017-18 വര്‍ഷത്തില്‍ 500 കോടി രൂപ സബ്സിഡി ഇനത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. 21 മാവേലി സ്റ്റോറുകളും 10 സൂപ്പര്‍മാര്‍ക്കറ്റുകളും രണ്ട് പീപ്പിള്‍സ് ബസാറുകളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ പുതുതായി ആരംഭിച്ചു. 8000 ഓണം – ബക്രീദ് ചന്തകളും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ കീഴില്‍ 2000 പച്ചക്കറി ചന്തകള്‍ ആരംഭിക്കുന്നുണ്ട്. 1662 മാര്‍ക്കറ്റുകള്‍ കൂടി സപ്ലൈക്കോയ്ക്ക് കീഴില്‍ ഒരുക്കിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊതുവിതരണ സംവിധാനം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുന്‍പ് ലഭിച്ചു കൊണ്ടിരുന്ന 16 ലക്ഷം ടണ്‍ റേഷനരി പുനസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടു ന്നതെന്നും നിലവില്‍ അഞ്ച് ലക്ഷം പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ലഭിച്ചതായും മന്ത്രി പറഞ്ഞു.  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റീജ്യണല്‍ മാനേജര്‍ ഉസ്മാന്‍ കെ, മാമ്പറ്റ ശ്രീധരന്‍, പി.കെ നാസര്‍, പി.ടി ആസാദ്, ജിജേന്ദ്രന്‍ പി, സി.പി ഹമീദ്, പി.വി നവീന്ദ്രന്‍, സി വീരാന്‍കുട്ടി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.