കുട്ടികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം തുടങ്ങിയവയില്‍ നിന്ന് സംരക്ഷണം നല്‍കാനും സുരക്ഷിതമായ അന്തരീക്ഷത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കാനും സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശിശു സംരക്ഷണ കേന്ദ്രം തണല്‍ കുട്ടികളുടെ അഭയകേന്ദ്രം-1517 മന്ദിരോദ്ഘാടനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു മന്ത്രി.

മായനാട് പെയിന്‍ ആന്റ് പാലീയേറ്റീവ് മെഡിസിന് സമീപമാണ് അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത     വഹിച്ചു. ആധുനിക  സംവിധാനത്തോടു കൂടിയ അമ്മത്തൊട്ടില്‍ നിര്‍മ്മിക്കാനായി ബീച്ച് ആശുപത്രിയ്ക്ക് സമീപം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുമെന്നും ചടങ്ങില്‍ എം.എല്‍.എ പറഞ്ഞു. കുട്ടികളിലെ പ്രശ്‌നങ്ങള്‍ക്ക് തുടര്‍ച്ചയായി ഇടപ്പെട്ട് പരിഹാരം കണ്ടെത്തി കുട്ടികളെ മുന്‍നിരയിലെത്തിക്കുകയാണ് തണലിന്റെ ലക്ഷ്യം.1517 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

വാര്‍ഡ് കൗണ്‍സിലര്‍ എം.പത്മാവതി, ചൈല്‍ഡ് വെല്‍ഫയര്‍ ചെയര്‍മാന്‍ കെ.രാജന്‍, കേരള സംസ്ഥാന ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ ജി.രാധാകൃഷ്ണന്‍, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി പി.എസ്. ഭാരതി, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.കെ. പശുപതി, ഒ.എം.ബാലകൃഷ്ണന്‍, ആര്‍. രാജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സരള നായര്‍, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബലോ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി, ജില്ലാ സെക്രട്ടറി കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.