-സ്വാതന്ത്ര്യദിനപരേഡിൽ 33 പ്ലാറ്റൂണുകൾ പങ്കെടുക്കും

ആലപ്പുഴ:രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ ജില്ലയൊരുങ്ങി. ജില്ലാതലത്തിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും സ്‌കൂളുകൾ കോളജുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും.

ഇന്ന് (ആഗസ്റ്റ് 15ന്) രാവിലെ 8.30ന് ആലപ്പുഴ പൊലീസ് പരേഡ് മൈതാനത്ത് നടക്കുന്ന ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ദേശീതപതാക ഉയർത്തും. വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിനപരേഡ് പരിശോധിക്കുന്ന മന്ത്രി പരേഡിൽ അഭിവാദ്യം സ്വീകരിക്കും. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിനസന്ദേശം നൽകും.

പൊലീസിന്റെയും എക്‌സൈസിന്റെയും എൻ.സി.സി., സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ്, കബ്‌സ്, ബുൾബുൾ എന്നിവയുടെയുമായി 33 പ്ലാറ്റൂണുകളും ഏഴു ബാൻഡ് ട്രൂപ്പുകളും പരേഡിൽ പങ്കെടുക്കും. പരേഡ് കമാൻഡർ ആർ.ബാലന്റെ നേതൃത്വത്തിലാണ് പരേഡ് നടക്കുക.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ ഡിവൈ.എസ്.പി. പി.വി.ബേബി, പൊലീസ് ഇൻസ്‌പെക്ടർമാരായ ടി.മനോജ്, കെ.സദൻ, ആർ.സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്കുമാർ, ആർ.രാജേഷ്, അമീർഖാൻ, ബാലകൃഷ്ണൻ എന്നിവർക്ക് ചടങ്ങിൽ മെഡൽ സമ്മാനിക്കും. മികച്ച ട്രൂപ്പുകൾക്കുള്ള ട്രോഫികളും വിതരണം ചെയ്യും.

സായുധസേനാ പതാകദിനനിധിയിലേക്ക് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത വിദ്യാഭ്യാസസ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി.ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിനും സർക്കാർ സ്ഥാപനമായ ആലപ്പുഴ സപ്ലൈ ഓഫീസിനുമുള്ള ട്രോഫികളും സമ്മാനിക്കും.