കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയില്‍ ഹര്‍ഷബാല്യം പദ്ധതി നടപ്പിലാക്കും. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ബാലനീതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി യാഥാര്‍ത്ഥ്യമാവാനൊരുങ്ങുന്നത്. ബാലാവകാശ ലംഘനങ്ങളും ചൂഷണങ്ങളും പൂര്‍ണ്ണമായും ഇല്ലാതാക്കി കോഴിക്കോടിനെ ശിശു സൗഹൃദ ജില്ലയാക്കി മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാഭരണകൂടം,ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാശിശുസംരക്ഷണ യൂണിറ്റ്, എക്‌സൈസ് വകുപ്പ്, വിധ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ്, ആരോഗ്യവകുപ്പ്,ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി,ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്,പോലീസ്,ചൈല്‍ഡ് ലൈല്‍ തുടങ്ങിയവ ഒരുമിച്ചാവും പദ്ധതി നടപ്പിലാക്കുക.
ബാലവേല നിര്‍മ്മാര്‍ജ്ജനം,ബാലഭിക്ഷാടന നിര്‍മ്മാര്‍ജ്ജനം, ലഹരിമുക്ത ബാല്യം,ലൈംഗിക ചൂഷണ വിമുക്തബാല്യം,സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക, സ്‌കൂളിലെ കൊഴിഞ്ഞു പോക്ക് തടയുക, നിയമസാക്ഷരത, ട്രാഫിക് ബോധവല്‍കരണം, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതികളുടെ ശാക്തീകരണം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു വേണ്ടി എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ഡിഅഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അനുയോജ്യമായ കെട്ടിടം കണ്ടെത്തിക്കഴിഞ്ഞാല്‍ അനന്തര നടപടികള്‍ സ്വീകരിക്കും. മയക്കുമരുന്ന് ഉപയോഗം തടയാന്‍ സ്‌കൂള്‍ തലത്തില്‍ അദ്ധ്യാപകരുടെ സഹായത്തോടെ കര്‍ശന പരിശോധന നടത്താനും , വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താനും തീരുമാനമായി. ജില്ലാശിശുസംരക്ഷണ യൂണിറ്റ് നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയിലൂടെ കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പ്രവണത തടയാന്‍ സാധിച്ചിട്ടുണ്ടെന്നും പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുമെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടകഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ പറഞ്ഞു. യോഗത്തില്‍ ജില്ലാലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം.പി ജയരാജ്,എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍ കുമാര്‍, കോര്‍ഡിനേറ്റര്‍ ജയ്‌സണ്‍ മാത്യു, ഒ.ആര്‍.സി റിസോഴ്‌സ് ഗ്രൂപ്പ് അംഗം പി.വി അശോകന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.