ആലപ്പുഴ: ഇന്ത്യൻ എയർഫോഴ്സിന്റെ നേതൃത്വത്തിൽ നഗരചത്വരത്തിലെ ആർട്ട് ഗാലറിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഓരോ ദിവസവും എത്തുന്നത് ഇരുന്നൂറിലധികം രോഗികൾ. ഓഗസ്റ്റ് 25 മുതലാണ് പൂർണ രീതിയിൽ ആശുപത്രി പ്രവർത്തിച്ചു തുടങ്ങിയത്. പ്രളയ ബാധിതർക്ക് ചികിത്സാ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ വ്യോമസേന ഡോക്ടർമാരെ ഇവിടേക്ക് നിയോഗിച്ചത്. ഡൽഹിയിലെ ഹിൻടൺ എയർഫോഴ്സ് സ്റ്റേഷനിൽ വിങ് കമാൻഡർ ആയ അനുമേഹയാണ് ക്യമ്പിന്റെ ചുമതലക്കാരി.
മൂന്ന് ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഒ.പി.യ്ക്ക് പുറമേ 10 ബെഡുകളും ഒരു എമർജൻസി റൂമും ഒരുക്കിയിട്ടുണ്ട്. നെബുലൈസേഷൻ ചെയ്യാനുള്ള സൗകര്യം, മൾട്ടി മോണിറ്റർ ഓക്സിജൻ കോൺസൻട്രേറ്റർ, മൊബൈൽ ലബോറട്ടറി , ചെറിയ മുറിവുകൾ തുന്നാനുള്ള മൈനർ ഒ.ടി., ഡിസ്പെൻസറി, ഇസിജി സൗകര്യം തുടങ്ങിയവയെല്ലാം ലഭ്യമാണ്. 11 പാരാമെഡിക്കൽ സ്റ്റാഫ് ഉള്ളതിൽ അഞ്ചു പേർ മലയാളികളാണ്. ലിവർ,കിഡ്നി ഫങ്ക്ഷൻ പരിശോധിക്കുന്നതിനുള്ള ടെസ്റ്റ്, ഹീമോഗ്ലോബിൻ ടെസ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . ടൈഫോയ്ഡ്,ഡെങ്കു, ഹെപ്പറ്റൈറ്റിസ് ബി. തുടങ്ങി പല രോഗങ്ങളും കണ്ടെത്തുന്നതിനുള്ള എമർജൻസി കിറ്റുകളും ലഭ്യമാണ്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് പ്രവർത്തന സമയം. ആവശ്യമെങ്കിൽ കുട്ടനാടിന്റെ വിവിധഭാഗങ്ങളിലേക്ക് പോകാനുള്ള മൊബൈൽ യൂണിറ്റ് ഒരുക്കാനും ഇവർ സന്നദ്ധരാണ്.
ആശുപത്രിയിൽ എത്തുന്ന മുതിർന്ന രോഗികളിൽ പലർക്കും ഉയർന്ന രക്തസമ്മർദ്ദവും ഷുഗറും ഉളളതായി ശ്രദ്ധയിൽപ്പെട്ടു. പ്രായം ചെന്നവരിലാണ് ഇത് അധികവും കണ്ടത്. പ്രളയക്കെടുതിയുടെ മാനസിക സമ്മർദ്ദവും ദുരന്തമേഖലയിൽ നിന്ന് വന്നവർ സ്ഥിരമായി കഴിക്കുന്ന ഗുളികകൾ നിർത്തിയതുമാണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.