ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുഃഖിക്കുന്നവർക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാന്നാർ സ്വദേശിയുടെ 32 സെന്റ് സ്ഥലം. കുടുംബസ്വത്ത് സൻമനസോടെ നൽകി മാന്നാർ കുട്ടംപേരുർ സ്വദേശിയാണ് വ്യത്യസ്തനായത്. ഒല്ലാലിൽ വീട്ടിൽ പരേതനായ റിട്ട. ആർമ്മി ഉദ്യോഗസ്ഥൻ ചന്ദ്രശേഖരൻ നായരുടേയും ആനന്ദവല്ലിയമ്മയുടേയും ഇളയ മകൻ സി.അനിൽകുമാറാണ് തനിക്ക് കുടുംബത്തിൽ നിന്നും ഓഹരിയായി കിട്ടിയ 32 സെന്റ് വസ്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സെന്റിന് ഒരു ലക്ഷം രൂപ വിലവരുന്ന ഭൂമിയാണിത്.ചെങ്ങന്നുർ ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലതല ദുരിതാശ്വാസ നിധിശേഖരണ ചടങ്ങിലാണ് അനിൽകുമാർ ഭൂമിയുടെ ആധാരം ഉൾപ്പെടെയുള്ള പേപ്പറുകൾ സംസ്ഥാന പൊതുമരാമത്തുമന്ത്രി ജി.സുധാകരന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ കൈമാറിയത്.
നേരത്തെമുതൽ അനിൽകുമാറിന്റെ മനസിലുളള വലിയ ആഗ്രഹമായിരുന്നു കുടുംബത്തിൽ നിന്നും കിട്ടിയ ഭൂമി ഇത്തരത്തിൽ പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്നത്. ഇക്കാര്യം തന്റെ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കയാണ് ജലൈയിൽ തുടങ്ങി ആഗസ്റ്റിൽ ചെങ്ങന്നൂർ അടക്കമുളള പ്രദേശത്തെ ആകെ ഗ്രഹിച്ച പ്രളയമുണ്ടായത്. തുടർന്ന് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണയജ്ഞവുമായി മന്ത്രിമാരുടെ നേതൃത്വത്തിൽ രംഗത്ത് വന്നതോടെ മറ്റൊന്നും ആലോചിക്കാതെ ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി നൽകുകയായിരുന്നു. സർക്കാർ ഉദ്ദേശ്യശുദ്ധിയോടെ തുടങ്ങിയ ഈ മഹത്തായ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വലിയ ചാരിതാർത്ഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ത്രൃപൂണിത്തുറ ഉദയംപേരൂരിൽ താമസമാക്കിയ അനിൽകുമാർ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്നു. ഭാര്യ രശ്മി. 11-ാം ക്ലാസ് വിദ്യാർഥി സൂര്യ നാരായണൻ ഏകമനാണ.്

ഒരു മാസത്തെ ശമ്പളത്തിനും പുറമേ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന

ആലപ്പുഴ: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകിയ സംസ്ഥാന അധ്യാപക അവാർഡു ജേതാവ് ചെങ്ങന്നൂർ മണ്ഡലത്തിലെ ധനസമാഹരണവേദിയിലും വീണ്ടും സഹായവുമായെത്തി. ഇറവങ്കര ജി.വി.എച്ച്.എസ്.എസിലെ അധ്യാപകൻ റോയ് ടി.മാത്യുവാണ് വീണ്ടും സഹായധനവുമായെത്തിയത്. പ്രളയത്തിൽ ഇദ്ദേഹത്തിന്റെ ജന്മസ്ഥലമായ മുളക്കുഴയിൽ വൻനാശമാണുണ്ടായത്. ഇവിടങ്ങളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള ആശ്വാസപ്രവർത്തനമാണ് നടത്തിയത്. മുപ്പതോളം സംഘടനകളെ ഏകോപിപ്പിച്ചായിരുന്നു ആശ്വാസപ്രവർത്തനം.
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന വന്നയുടൻ ഒരു മാസത്തെ ശമ്പളവും നൽകിയ റോയിയുടെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിൽ നോട്ടു പുസ്തകങ്ങളും മറ്റുമെത്തിക്കാൻ അക്ഷീണം പ്രവർത്തിച്ചു. ഹയർസെക്കന്ററി വകുപ്പ് ഡയറക്ടർ തന്നെ നേരിട്ടെത്തിയാണ് ഇവിടങ്ങളിൽ പുസ്തക വിതരണം നടത്തിയത്. ശമ്പളം നൽകുകയെന്നത് ഒരു വെല്ലുവിളിയെന്ന രീതിയിലല്ല തങ്ങളെടുത്തതെന്നും നാടിനോടുള്ള കടമ നിറവേറ്റുക മാത്രമാണെന്നും റോയ് പറഞ്ഞു. തന്റെ സ്‌കൂളിൽ വിവിധ സംഘടനകളിലുള്ള പതിമൂന്നോളം അധ്യാപകരും ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.