കേന്ദ്രത്തിനു ക്രിയാത്മക സമീപനമെന്നു മന്ത്രി ഡോ. തോമസ് ഐസക്
 ന്യൂഡല്‍ഹി: പ്രളയത്തെത്തുടര്‍ന്നു കേരളത്തിന്റെ പുനര്‍നിര്‍മാണം, വായ്പ, അധിക വരുമാനം തുടങ്ങിയകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനു അനുകൂലമായ നിലപാടാണുള്ളതെന്നു ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും സെക്രട്ടറിതലത്തിലും നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
 കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും മറ്റുമായി 15000 മുതല്‍ 20000 കോടി രൂപ വരെ ആവശ്യമാണ്. റോഡുകളുടെ അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മാണത്തിനും 15000 കോടി വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഇതില്‍ 7000 കോടി രൂപ പൊതുമരാമത്തു വകുപ്പ് റോഡുകള്‍ക്കും 8000 കോടി രൂപ നഗര, ഗ്രാമീണ റോഡുകള്‍ക്കും ആവശ്യമാണ്. ഇതു കൂടാതെ തുറമുഖം, കടല്‍ഭിത്തി, പുനരധിവാസം തുടങ്ങിയവ വേറെയാണ്. വിവിധ മേഖലകളില്‍ നിന്നു വായ്പകള്‍ക്കുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. എഡിബി, ലോകബാങ്ക്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള സാധ്യതകള്‍ ഇതില്‍പ്പെടുന്നു. കൂടുതല്‍ വായ്പയെടുക്കുന്നതിനെ കേന്ദ്രവും പിന്തുണയ്ക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. പലിശ കുറവുള്ള ദീര്‍ഘകാല വായ്പയ്ക്കാണു ശ്രമം നടത്തുന്നത്. ഇങ്ങനത്തെ വായ്പകള്‍ സാധാരണ വായ്പാ പരിധിയില്‍ ഉള്‍പ്പെടുമോ എന്നതാണു വിഷയം. 7000 കോടിയുടെ ലോകബാങ്ക് വായ്പ ഇതില്‍പ്പെടുത്താന്‍ പാടില്ല. വായ്പയുടെ പരിധി ഉയര്‍ത്തണമെന്നാണു കേരളത്തിന്റെ ആവശ്യം. പരിധി ഇപ്പോഴത്തെ മൂന്നുശതമാനം വരെ പാടുള്ളൂ എന്ന നിലപാടില്‍ മാറ്റം വരുത്തണം. കേന്ദ്ര സര്‍ക്കാര്‍ ആറുശതമാനം വരെ വായ്പ എടുക്കുന്നുമുണ്ട്. ധനക്കമ്മി പരമാവധി കുറയ്ക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും വായ്പാ പരിധി ഉയര്‍ത്തുന്ന കാര്യം കേന്ദ്ര ധനമന്ത്രി തത്വത്തില്‍ അംഗീകരിച്ചതായി ഡോ. തോമസ് ഐസക് അറിയിച്ചു.
 സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യാ(എസ്എല്‍ആര്‍) ബോണ്ടുകളുടെ കാര്യത്തില്‍ കേരളം തത്കാലം പിന്‍മാറാന്‍ തയാറാണെന്നു അറിയിച്ചിട്ടുണ്ട്. പദ്ധതി അനുബന്ധ ഫണ്ട് മതിയെന്ന നിലപാടാണു സംസ്ഥാനത്തിനുള്ളത്.
 ജിഎസ്ടിയില്‍ കേരളത്തിനായി പ്രത്യേക സെസ്
 സംസ്ഥാനത്തെ പ്രളയനഷ്ടം കണക്കിലെടുത്തു ദേശീയതലത്തില്‍ കേരളത്തിനു സഹായകരമായി സി ജി എസ്ടിയില്‍ അധിക സെസ് ഏര്‍പ്പെടുത്തുന്നകാര്യത്തില്‍ ധാരണ ഉരുത്തിരിഞ്ഞതായി ധനമന്ത്രി അറിയിച്ചു. എന്നാല്‍ അതിനു മറ്റു സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജി എസ്ടി കൗണ്‍സിലോ മന്ത്രിതല സമിതിയോ സ്വീകരിക്കും. ചിലപ്പോള്‍ ഓര്‍ഡിനന്‍സും വേണ്ടിവന്നേക്കാം. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസിലെ വിധി കൂടി പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം ഈമാസം 28നു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഡിസാസ്റ്റര്‍ സെസ് എന്ന നിലയിലായിരിക്കും ഇതു പരിഗണിക്കുക. ചില ഉത്പന്നങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ഈ അധിക നികുതിക്കു സമയപരിധി ഉണ്ടായിരിക്കും.
 സംസ്ഥാനം തയാറാക്കുന്ന സമയപ്പട്ടിക അനുസരിച്ചു വായ്പ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മൂന്നു ശതമാനം വായ്പാ പരിധി എന്നതില്‍ വാശി പിടിക്കേണ്ട ആവശ്യമില്ലെന്നു മന്ത്രി വ്യക്തമാക്കി. ജിഎസ്ടിയില്‍ കേരളത്തിനു ലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍ വായ്പ തട്ടിക്കിഴിക്കാന്‍ പാടില്ല. സംസ്ഥാനത്തിനു 6000 കോടി രൂപയുടെ റവന്യൂ ചെലവാണു പ്രതീക്ഷിക്കുന്നത്. ഇതിനായി ഇനി വായ്പ എടുക്കാന്‍ കഴിയില്ല. എങ്കിലും റവന്യൂ കമ്മി പിടിച്ചു നിര്‍ത്തുമെന്നു സംസ്ഥാനം കേന്ദ്രത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. സാലറി ചലഞ്ചിന്റെ കാര്യത്തില്‍ പരാതി ഉണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കും. റെയില്‍വേ പോലും ഒരു ദിവസത്തെ ശമ്പളം പിടിച്ചു കേരളത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കാന്‍ തയാറായ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മറ്റുള്ളവരുടെ പങ്കാളിത്തമാണു സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 2002 ല്‍ ഇതേപോലെ ശമ്പളം പിടിച്ച കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. സാലറി ചലഞ്ചിന്റെ കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ വലിയ തുക വായ്പയെടുത്ത് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഇതുപോലെയുള്ള നടപടികളല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നു മന്ത്രി പറഞ്ഞു.