പത്തനംതിട്ട: പ്രളയത്തില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പ്രളയകെടുതി വിലയിരുത്തുന്നതിന് 23ന് കേന്ദ്ര സംഘം ജില്ലയില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തുന്നതിന് ഫലപ്രദമായ റിപ്പോര്‍ട്ടുകള്‍ വിവിധ വകുപ്പുകള്‍ തയാറാക്കും. ഇതിനൊപ്പം നാശനഷ്ടങ്ങളുടെ ഫോട്ടോയും വീഡിയോയും കാണിക്കും. കേന്ദ്രസംഘം എത്തുന്ന വിവിധ സ്ഥലങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ വിവരം നല്‍കുന്നതിന് ഓരോ നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. കേന്ദ്ര സംഘം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പ്രളയ സമയത്തെ ജലനിരപ്പ് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുത്തും. കേന്ദ്ര സംഘം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ചും നാശനഷ്ടങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ടായി 22ന് ജില്ലാ കളക്ടര്‍ക്ക് നല്‍കണം. തിരുവല്ലയില്‍ 23ന് രാവിലെ ഒന്‍പതിന് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ആരംഭിക്കുക. എഡിഎം പി.ടി. ഏബ്രഹാം, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, അടൂര്‍ ആര്‍ഡിഒ എം.എ. റഹീം, തിരുവല്ല ആര്‍ഡിഒ റ്റി.കെ. വിനീത്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.