അന്തരിച്ച സിനിമാ താരം ക്യാപ്റ്റന്‍ രാജു സിനിമ-സാംസ്‌കാരിക മേഖലയിലെ അതുല്യ പ്രതിഭയായിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്തരിച്ച താരത്തിന് അന്തിമോപചാരം അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ഞൂറില്‍ അധികം സിനിമകളില്‍ അദ്ദേഹം നിറ സാന്നിധ്യമായിരുന്നു. സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കുമ്പോഴും അവരെപ്പോലും അപ്രസക്തരാക്കുന്ന അഭിനയ പാടവത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു അദ്ദേഹം. മുപ്പതു വര്‍ഷക്കാലം സിനിമാ പ്രേമികളും സഹൃദയരും നെഞ്ചേറ്റിയ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്. ഈ പ്രായത്തില്‍ അദ്ദേഹം നമ്മെ വിട്ടു പിരിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പിരിയല്‍ കേരളത്തിന്റെ സിനിമാ സാംസ്‌കാരിക മേഖലകളില്‍ വലിയ വിടവ് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വന്തം നാടായ ഓമല്ലൂരിനെ എന്നും സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ നാട്ടുകാരുടേയും കുടുംബാംഗങ്ങളുടേയും ദുഖത്തില്‍ സാംസ്‌കാരിക വകുപ്പിനും സര്‍ക്കാരിനും വേണ്ടി അനുശോചനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, മുകേഷ്, ഉമ്മന്‍ചാണ്ടി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍, എഡിഎം പി.ടി.ഏബ്രഹാം, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍, അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, എ.പി. ജയന്‍, ബുക്മാര്‍ക് സെക്രട്ടറി എ. ഗോകുലേന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ. അനില്‍കുമാര്‍ വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.