ഫയര്‍ഫോഴ്‌സില്‍ സ്ത്രീകളുടെ പ്രത്യേക വിഭാഗം  തുടങ്ങുന്നതിന്റെ ഭാഗമായി 100 വനിതകളെ നിയമിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വസ്ത്രശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയുള്ള നിയമഭേദഗതി നടപ്പിലാക്കിയതുലൂടെ ഇരിപ്പിടം  സ്ത്രീ തൊഴിലാളികളുടെ നിയമപരമായ അവകാശമായി മാറുകയാണ്. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ നിയമം  നടപ്പാക്കുന്നതിനായി തൊഴിലുടമകള്‍ സഹകരിക്കണം. പിഴവ് വരുത്തുന്ന തൊഴിലുടമകള്‍ക്ക് നല്‍കുന്ന പിഴ സംഖ്യ ഉയര്‍ത്തിയിട്ടുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന നിയമലംഘനത്തിന് പിഴ  10,000 രൂപയില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തി.
സ്ത്രീസൗഹൃദ, ലിംഗസമത്വ തൊഴിലിടങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  തൊഴില്‍ സമയം പരിഷ്‌കരിച്ച സാഹചര്യത്തില്‍ രാത്രിയും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സ്ത്രീകള്‍  തയ്യാറായിരിക്കുകയാണ്. എന്നാല്‍  ഉടമകള്‍ ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണം. താമസ  സ്ഥലത്തേക്ക്  വാഹന സൗകര്യം ഏര്‍പ്പെടുത്തണം.  രാത്രിയില്‍ ജോലിചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഉപജീവനോപാധികള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നഷ്ടമായവര്‍ക്കായി സര്‍ക്കാര്‍ ആവിഷികരിച്ച റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീമിന്റെ ഡിസ്‌ക്കൗണ്ട് കാര്‍ഡ് വിതരണോദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അശോകന്‍ കോട്ട് അധ്യക്ഷത വഹിച്ചു.
അയല്‍ക്കൂട്ട അംഗങ്ങളുടെ വിപുലമായ സാമൂഹ്യാധിഷ്ഠിത പഠന പ്രക്രിയയാണ് കുടുംബശ്രീ സ്‌കൂള്‍. ആഴ്ചയില്‍ ഒന്നുവീതം രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് ക്ലാസ്സുകളാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്.  ഏഴ് അയല്‍ക്കൂട്ടത്തിന് ഒന്ന് എന്ന തോതില്‍ തെരഞ്ഞെടുക്കപ്പെട്ട സ്വയം സന്നദ്ധരായ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വതതിലാണ് ഓരോ എ.ഡി.എസ്സിലും ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ പദ്ധതികള്‍, അയല്‍ക്കൂട്ട കണക്കെഴുത്ത്, കുടുംബ ധനമാനേജ്മെന്റ്, മൈക്രോ സംരംഭങ്ങളിലൂടെ ഉപജീവനം, ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ കുടുംബശ്രീയുടെ പങ്ക് എന്നീ പാഠ്യപദ്ധതികളിലൂന്നിയാണ് രണ്ടാം ഘട്ട കുടുംബശ്രീ സ്‌കൂളിന്റെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 13 വരെയാണ് സ്‌കൂള്‍ സംഘടിപ്പിക്കുക.
ചടങ്ങില്‍  വൈസ് പ്രസിഡന്റ്  ഷീബ  വരേക്കല്‍, സ്ഥിരം സമിതി അംഗങ്ങളായ ശ്രീജ പി.പി,  ഇ. അനില്‍കുമാര്‍,  ഉണ്ണി തിയ്യക്കണ്ടി,  വാര്‍ഡ് മെമ്പര്‍ പി.കെ  രാമകൃഷ്ണന്‍,  പഞ്ചായത്ത് സെക്രട്ടറി പി ജയരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ക്ഷേമ കെ തോമസ്, സി ഡി എസ് ചെയര്‍പേഴ്‌സന്‍ പി ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.